തൃശൂർ പൂരം അലങ്കോലമാക്കിയതു പോലീസെന്ന് തിരുവമ്പാടി ദേവസ്വം
Wednesday, November 27, 2024 6:51 AM IST
കൊച്ചി: തൃശൂര്‍ പൂരവും അനുബന്ധ ചടങ്ങുകളും അലങ്കോലമാക്കിയതു പോലീസാണെന്ന കുറ്റപ്പെടുത്തലുമായി തിരുവമ്പാടി ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി.
അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാതിരുന്നിട്ടുപോലും പൊതുജനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ പോലീസ് ബലപ്രയോഗം നടത്തിയത് അനാവശ്യമായിരുന്നുവെന്നാണ് തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാര്‍ സമര്‍പ്പിച്ച എതിര് സത്യവാങ്മൂലത്തില്‍ പറയുന്നത്.
വെടിക്കെട്ടിനു വേണ്ട സാമഗ്രികള്‍ തയാറാക്കാന്‍പോലും അംഗീകൃത തൊഴിലാളികളെയും ലൈസന്‍സുള്ള വെടിക്കെട്ടുകാരെയും പോലീസ് അനുവദിച്ചില്ലെന്നും സത്യവാങ്മൂലത്തിലുണ്ട്.
പ്രധാന ചടങ്ങായ മഠത്തില്‍വരവ് പേരിനു മാത്രമാക്കി ചുരുക്കേണ്ടിവന്നു. പൂരം എഴുന്നള്ളിപ്പും പോലീസ് തടസപ്പെടുത്തി. പൂരത്തെയും ആചാരങ്ങളെയും കുറിച്ച് അറിവില്ലാത്തതുമൂലമാകാം പോലീസ് അപക്വമായാണു പെരുമാറിയതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
തൃശൂര്‍ പൂരം അലങ്കോലമാക്കാന്‍ തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ ബിജെപിയുമായി ഗൂഢാലോചന നടത്തിയെന്നു ചൂണ്ടിക്കാട്ടി കൊച്ചിന് ദേവസ്വം ബോര്‍ഡ് കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കണമെന്നും പോലീസ് ഇടപെടലിനു കാരണമായ സാഹചര്യങ്ങളെക്കുറിച്ച് ഉള്‍പ്പെടെ ജുഡീഷല്‍ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനടക്കം നല്കിയ ഹര്‍ജികളിലാണു വിശദീകരണം നല്‍കിയത്.