സഹകരണസംഘം നിക്ഷേപകർക്ക് ആശങ്ക വേണ്ട: മുഖ്യമന്ത്രി
Tuesday, November 26, 2024 2:51 AM IST
കണ്ണൂർ: കേരളത്തിലെ സഹകരണ സംഘങ്ങളിൽ പണം നിക്ഷേപിച്ചവർക്ക് ഒരുതരത്തിലുള്ള ആശങ്കയും വേണ്ടെന്നും അത് പൂർണമായും ഭദ്രമാണെന്നും ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
കേരള ബാങ്കിന്റെ വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ട കർമപദ്ധതി കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിലെ സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നത് സംസ്ഥാന സർക്കാർ ഗാരന്റിയോടെയാണ്.
എല്ലാ സംഘങ്ങളും നിക്ഷേപം തിരികെ നല്കാൻ കഴിയുന്ന തരത്തിൽ ആവശ്യമായ ലിക്വിഡിറ്റി എപ്പോഴും ഉറപ്പാക്കുന്നുണ്ട്.
സഹകരണ മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. കേരള ബാങ്ക് എക്സലൻസ് അവാർഡ്, മിനിസ്റ്റേഴ്സ് ട്രോഫി, കർഷക അവാർഡ് എന്നിവ മന്ത്രി വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്നകുമാരി, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, സഹകരണ വകുപ്പ് സ്പെഷൽ സെക്രട്ടറി ഡോ. വീണ എൻ. മാധവൻ, നബാർഡ് ചീഫ് ജനറൽ മാനേജർ ബൈജു എൻ. കുറുപ്പ്, കേരള ബാങ്ക് ഡയറക്ടർ കെ.ജി. വത്സലകുമാരി എന്നിവർ പ്രസംഗിച്ചു. കേരള ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം. ചാക്കോ കർമപദ്ധതി വിശദീകരിച്ചു.
മിനിസ്റ്റേഴ്സ് ട്രോഫി പാലക്കാടിന്
മികച്ച റീജണൽ ഓഫീസിനുള്ള പുരസ്കാരം പാലക്കാടിനാണ്. മികച്ച സിപിസിക്കുള്ള പുരസ്കാരം കണ്ണൂരിനും. മികച്ച ശാഖ വയനാട് ജില്ലയിലെ മീനങ്ങാടി ശാഖയാണ്.
2022-23 വർഷത്തെ സംസ്ഥാനതലത്തിൽ മികച്ച പ്രാഥമിക കാർഷിക വായ്പാ സംഘമായി തെരഞ്ഞെ ടുക്കപ്പെട്ടത് ദ ഏറാമല സർവീസ് സഹകരണബാങ്ക് ആണ്. കതിരൂർ സർവീസ് സഹകരണബാങ്ക് രണ്ടാംസ്ഥാനവും പരിയാരം സർവീസ് സഹകരണബാങ്ക് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
എറണാകുളം ജില്ലയിലെ ദ പീപ്പിൾസ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് സംസ്ഥാനത്തെ മികച്ച അർബൻ സഹകരണ ബാങ്ക്. കൊല്ലം അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് രണ്ടാംസ്ഥാനവും പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് മൂന്നാംസ്ഥാനവും യഥാക്രമം കരസ്ഥമാക്കി. പാലക്കാട് ജില്ലയിലെ ഷാബുമോൻ മികച്ച നെൽകർഷനുള്ള അവാർഡ് നബാർഡ് ചീഫ് ജനറൽ മാനേജർ ബൈജു എൻ. കുറുപ്പിൽനിന്ന് ഏറ്റുവാങ്ങി.
കോട്ടയത്തുനിന്നുള്ള രശ്മി മാത്യു മികച്ച ക്ഷീരകർഷകയും കോഴിക്കോടുനിന്നുള്ള കെ.ടി. പദ്മനാഭൻ മികച്ച പച്ചക്കറി കർഷകനും വയനാട്ടിൽനിന്നുള്ള എം. സുനിൽ കുമാർ മികച്ച സമ്മിശ്ര കർഷകനും വയനാട്ടിൽനിന്നുതന്നെയുള്ള കെ. ശശീന്ദ്രൻ മികച്ച മത്സ്യകർഷകനും കാസർഗോഡു നിന്നുമുള്ള ഗോപാല കൃഷ്ണശർ മികച്ച തോട്ടവിളകർഷകനുമുള്ള പുരസ്കാരവും കരസ്ഥമാക്കി.