പാലക്കാട്ടെ തോൽവി; ബിജെപിയിൽ കലാപം
Tuesday, November 26, 2024 2:51 AM IST
പാലക്കാട്: തെരഞ്ഞെടുപ്പുതോൽവിക്കു പിന്നാലെ പാലക്കാട്ട് ബിജെപിയിൽ കലാപം. തോൽവിക്കു കാരണം 18 നഗരസഭാ കൗൺസിലർമാരാണെന്നു സുരേന്ദ്രൻപക്ഷം പരാതിപ്പെട്ടെന്ന വാർത്ത പുറത്തുവന്നതോടെയാണ് ഇന്നലെ വിവാദങ്ങൾക്കു തുടക്കമായത്. ബിജെപി കൗണ്‍സിലര്‍മാരും ചില നേതാക്കളും പരസ്യമായി ബിജെപി നേതൃത്വത്തിനെതിരേ രംഗത്തെത്തി.
പ്രഭാരി പി. രഘുനാഥിനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും എതിരേ ആഞ്ഞടിച്ച് ദേശീയ കൗൺസിൽ അംഗം എൻ. ശിവരാജൻ രംഗത്തെത്തിയിരുന്നു. സ്വന്തം ബൂത്തിൽപോലും സ്ഥാനാർഥിക്കു വോട്ടുകുറഞ്ഞതിനു കൗൺസിലർമാർ എന്തു പിഴച്ചുവെന്നു ശിവരാജൻ ചോദിച്ചു.
സി. കൃഷ്ണകുമാറിന്റെ ആസ്തി വെളിപ്പെടുത്തണമെന്ന വെല്ലുവിളിയും ശിവരാജൻ ഉയർത്തി. സ്ഥാനാർഥിനിർണയത്തിലെ പാളിച്ചയാണ് തോൽവിക്കു കാരണമെന്നു നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരനും തിരിച്ചടിച്ചു. നടപടിയുമായി മുന്നോട്ടുപോകാനാണു നേതൃത്വത്തിന്റെ തീരുമാനമെങ്കിൽ കൂട്ടരാജിയിലേക്കു പോകാനാണു കൗൺസിലർമാരുടെ നീക്കം.
പാലക്കാട് നഗരസഭാ പരിധിയില്‍ പ്രമുഖസമുദായത്തിന്റെ വോട്ട് ബിജെപിയെ തുണച്ചില്ലെന്നതു പാർട്ടിക്കുള്ളിൽ ചർച്ചയാകുന്നുണ്ട്. ആര്‍എസ്എസ് ഇടപെട്ടിട്ടും നഗരസഭയില്‍ ബിജെപിക്കു വോട്ടുകുറഞ്ഞതു കൃഷ്ണകുമാറിനോടുള്ള അതൃപ്തിതന്നെയാണെന്നാണു പാർട്ടിക്കുള്ളിലെ പ്രധാന വിലയിരുത്തൽ. ഏതായാലും വരുംദിവസങ്ങളില്‍ ബിജെപിക്കുള്ളില്‍ പുതിയൊരു ചേരിതിരിവ് ഉണ്ടാവുമെന്നതു വ്യക്തമാണ്. നഗരസഭാ കൗണ്‍സിലര്‍മാര്‍ ഒറ്റക്കെട്ടായി നേതൃത്വത്തിനെതിരേ പടയൊരുക്കം നടത്തിയാലും അദ്ഭുതപ്പെടാനില്ല.
സ്ഥാനാർഥിനിർണയം പാളി: പ്രമീള ശശിധരൻ
ബിജെപി സ്ഥാനാർഥിനിർണയത്തിൽ പാളിച്ച സംഭവിച്ചുവെന്നു ബിജെപി നേതാവും പാലക്കാട് നഗരസഭാ ചെയർപേഴ്സണുമായ പ്രമീള ശശിധരൻ ആരോപിച്ചു. സി. കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കരുതെന്നു നേതൃത്വത്തെ അറിയിച്ചിരുന്നു. മറ്റൊരു സ്ഥാനാർഥി ആയിരുന്നെങ്കിൽ ഇത്ര വലിയ തോൽവി സംഭവിക്കില്ലായിരുന്നു.
സ്ഥാനാര്‍ഥിനിര്‍ണയംവരെ നമുക്ക് അഭിപ്രായങ്ങള്‍ പറയാം. സ്ഥാനാര്‍ഥിയെ നിര്ണയിച്ചുകഴിഞ്ഞാല് ഒറ്റക്കെട്ടായി കൗണ്‍സിലര്‍മാരും പ്രവര്‍ത്തകരും കൃഷ്ണകുമാറിന്റെ കൂടെത്തന്നെയായിരുന്നുവെന്നതില്‍ യാതൊരു സംശയവുമില്ല.
നല്ല പ്രവര്‍ത്തനമായിരുന്നു ഇവിടെ കാഴ്ചവച്ചത്. സംസ്ഥാന പ്രസിഡന്റ് അടക്കം ഇവിടെ വന്ന് ഓരോരുത്തര്‍ക്കും നിര്‍ദേശം തന്നതനുസരിച്ചായിരുന്നു ഞങ്ങളുടെ ഓരോ പ്രവര്‍ത്തനവും മുന്നോട്ടുപോയ്ക്കൊണ്ടിരുന്നത്. കണ്‍വന്‍ഷനും വോട്ടുചോദിക്കാനുമൊക്കെ ശോഭ സുരേന്ദ്രന് വന്നിരുന്നു. അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോട് എന്ന രീതി ശരിയല്ല.
നഗരസഭാഭരണത്തില്‍ വലിയ വോട്ടുചോര്‍ച്ച വന്നിട്ടില്ലെന്നു ധൈര്യമായി പറയാന്‍ സാധിക്കും. 28 കൗണ്‍സിലര്‍മാരും കൃഷ്ണകുമാറിനൊപ്പമായിരുന്നുവെന്നും ചെയർപേഴ്സൺ കൂട്ടിച്ചേർത്തു.
പരാജയകാരണം നഗരസഭാ ഭരണമെന്നു ബിജെപി വിലയിരുത്തൽ
ഉപതെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പരാജയകാരണം നഗരസഭാഭരണമെന്നു ബിജെപി വിലയിരുത്തൽ. നഗരസഭാ വൈസ് ചെയർമാന്റെയും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്റെയും നിലപാടുകളാണ് വോട്ടുകുറയാൻ കാരണമെന്നു ജില്ലാ കമ്മിറ്റി സംസ്ഥാനനേതൃത്വത്തെ അറിയിച്ചു. നഗരഭരണക്കാർ ബിജെപി സംസ്ഥാനനേതൃത്വത്തെ ധിക്കരിച്ചതാണ് പരാജയകാരണമെന്നും വിലയിരുത്തലിലുണ്ട്.
നഗരസഭയുടെ അമിത ഫീസ് ഈടാക്കലും നഗരവികസനപ്രശ്നങ്ങളും തിരിച്ചടിയായി. സംസ്ഥാന നേതൃയോഗത്തിൽ വിശദമായ ചർച്ച നടത്താനാണു തീരുമാനം.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ 7066 വോട്ടുകളാണ് പാലക്കാട് നഗരസഭയിൽ ബിജെപിക്കു കുറഞ്ഞത്. വോട്ടുകുറഞ്ഞതു പരിശോധിക്കുമെന്നു സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും സ്ഥാനാർഥി സി. കൃഷ്ണകുമാറും വ്യക്തമാക്കിയിരുന്നു.