ദേശീയ ക്ഷീരദിനാഘോഷം
Tuesday, November 26, 2024 2:51 AM IST
പാലക്കാട്: ഇന്ത്യയിലെ ധവളവിപ്ലവത്തിന്റെ പിതാവായ ഡോ. വർഗീസ് കുര്യന്റെ ജന്മദിനമായ ഇന്ന് ആചരിക്കുന്ന ദേശീയ ക്ഷീരദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി ഇന്നു പാലക്കാട്ട് നിർവഹിക്കും. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷനാകും.
പാലക്കാട് കല്ലേപ്പുള്ളിയിലുള്ള ക്ലബ് സിക്സ് കണ്വൻഷൻ സെന്ററിലാണ് ദേശീയ ക്ഷീരദിനാചരണം നടക്കുകയെന്നു മിൽമ ചെയർമാൻ കെ.എസ്. മണി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുൻ ചീഫ് സെക്രട്ടറിയും ഐഎംജി തിരുവനന്തപുരം ഡയറക്ടറുമായ കെ. ജയകുമാർ വർഗീസ് കുര്യൻ സ്മാരകപ്രഭാഷണം നടത്തും. വി.കെ. ശ്രീകണ്ഠൻ എംപി മുഖ്യപ്രഭാഷണം നടത്തും.
ദേശീയ ക്ഷീരദിനത്തിൽ ക്ഷീരകർഷകർക്കു പത്തു രൂപ പ്രീമിയത്തിൽ ലൈഫ് ഇൻഷ്വറൻസ് പദ്ധതി മിൽമ മലബാർ യൂണിയൻ പ്രഖ്യാപിച്ചു. ഏറ്റവും കുറഞ്ഞ പ്രീമിയം പത്തുരൂപയും അഞ്ചുലക്ഷത്തിന്റെ പ്രീമിയം 780 രൂപയുമാണ്. കർഷകർക്കും ക്ഷീരസംഘം ജീവനക്കാർക്കും ഇതേ പ്രീമിയത്തിൽതന്നെ അംഗങ്ങളാകാം.