വേമ്പനാട് കായൽ കൈയേറ്റം: പ്രത്യേക ബെഞ്ച് രൂപീകരിക്കും
Wednesday, November 27, 2024 6:50 AM IST
കൊച്ചി: വേമ്പനാട് കായലിലെ കൈയേറ്റവുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കാന്‍ ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപീകരിക്കും. 2016ല്‍ കോടതി സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കവേയാണു പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വ്യക്തമാക്കിയത്.
വേമ്പനാട് കായല്‍ തീരം വ്യാപകമായി കൈയേറ്റം ചെയ്യപ്പെടുന്നതായി സര്‍ക്കാര്‍ നേരത്തേ കോടതിയെ അറിയിച്ചിരുന്നു. എറണാകുളം, ആലപ്പുഴ, കോട്ടയം കളക്ടര്‍മാരും വൈക്കം അസി. തഹസില്‍ദാറും നല്കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. എറണാകുളം ജില്ലയില്‍ വേമ്പനാട് കായലിന്റെ തീരം പങ്കിടുന്ന കൊച്ചി കോര്പറേഷന്, മരട് മുനിസിപ്പാലിറ്റി, പത്ത് ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ പരിധിയിലാണ് കൈയേറ്റം നടന്നതായി പരാതിയുള്ളത്. തീരപരിപാലന നിയമ ലംഘനത്തിനു പുറമെ നെല്‍വയല്‍ സംരക്ഷണനിയമം, ഫയര്‍ ആന്‍ഡ് സേഫ്റ്റി നിയമം എന്നിവ ലംഘിച്ചതായും ചൂണ്ടിക്കാട്ടിയിരുന്നു.
കോട്ടയം ജില്ലയില്‍ കുമരകം വില്ലേജിലും വൈക്കം മേഖലയിലെ ഗ്രാമ പഞ്ചായത്തുകള്‍ക്ക് കീഴിലുമാണ് കൈയേറ്റമുണ്ടായിട്ടുള്ളത്. കോടതി ഉത്തരവിനെത്തുടര്‍ന്ന് പൊളിച്ചുനീക്കിയ പാണാവള്ളി നെടിയതുരുത്ത് കാപികോ റിസോര്‍ട്ടും വാമിക റിസോര്‍ട്ടുമാണ് ആലപ്പുഴ ജില്ലയില്‍ വേമ്പനാട് കായല്‍ കൈയേറിയവരുടെ പട്ടികയിലുള്ളത്.