വിയർത്തും വിറച്ചും കേരളം
Monday, November 25, 2024 3:50 AM IST
തിരുവനന്തപുരം: പകൽച്ചൂടിൽ വിയർത്തും രാത്രി തണുപ്പിൽ വിറച്ചും കേരളം. ദിവസങ്ങളായി സംസ്ഥാനത്ത് പകൽ സമയത്ത് പൊള്ളുന്ന ചൂടും രാത്രിയിലും പുലർകാലങ്ങളിലും കടുത്ത തണുപ്പും അനുഭവപ്പെടുന്നത് തുടരുകയാണ്. തുലാവർഷം ദുർബലമായതാണ് ഈ കാലാവസ്ഥാ മാറ്റത്തിനു പിന്നിലെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്.
സാധാരണയായി വൃശ്ചിക കുളിർ അനുഭവപ്പെട്ടു തുടങ്ങുന്നത് വൃശ്ചിക മാസം അവസാനത്തോടെയാണ്. എന്നാൽ ഇക്കുറി വൃശ്ചികം ആരംഭിച്ചപ്പോൾ തന്നെ രാത്രി താപനില വലിയ തോതിൽ കുറയുകയും പുലർകാലത്ത് കടുത്ത തണുപ്പ് അനുഭവപ്പെടുകയും ചെയ്യുന്നു. ഇതിനൊപ്പമാണ് പകൽ സമയങ്ങളിൽ കടുത്ത ചൂടും അനുഭവപ്പെടുന്നത്. ഈ കാലാവസ്ഥാ മാറ്റം രോഗസാധ്യത വർധിപ്പിക്കുമെന്നും അതിനാൽ ജാഗ്രത വേണമെന്നും ആരോഗ്യ രംഗത്തെ വിദഗ്ധർ പറയുന്നു.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ നിന്നുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും കൂടിയ പകൽ താപനില 33 ഡിഗ്രിക്കും 39 ഡിഗ്രിക്കും ഇടയിലാണ്. അതേസമയത്തു തന്നെയാണ് രാത്രി താപനില പലയിടങ്ങളിലും 15 ഡിഗ്രി സെൽഷ്യസ് വരെ താഴുന്നത്.
ഇന്നലെ സംസ്ഥാനത്ത് ഏറ്റവും കൂടിയ ചൂട് അനുഭവപ്പെട്ടത് കണ്ണൂരിലാണ്. ജില്ലയിലെ പിണറായിയിൽ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില 39.2 ഡിഗ്രി സെൽഷ്യസാണ്. ഇവിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 23.1 ഡിഗ്രിയും.
എറണാകുളം ജില്ലയിലെ രണ്ടിടങ്ങളിൽ പകൽച്ചൂട് 37.1 ഡിഗ്രി അനുഭവപ്പെട്ടപ്പോൾ രാത്രി താപനില 22.8 ഡിഗ്രി വരെ താഴ്ന്നു. കാസർഗോഡ് ജില്ലയിലെ പാണത്തൂർ, പീലിക്കോട് എന്നിവിടങ്ങളിൽ കൂടിയ പകൽ താപനില 37.7 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയപ്പോൾ രാത്രിയിലെ കുറഞ്ഞ താപനില 21.3 ഡിഗ്രി വരെയെത്തി. പ്രധാന ഹിൽസ്റ്റേഷനുകളിലെല്ലാം ഏറ്റവും കുറഞ്ഞ താപനില 10 ഡിഗ്രി സെൽഷ്യസിനടുത്തു വരെ എത്തിയതായാണ് കണക്കുകൾ.
മൂന്നാറിൽ ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 11.1 ഡിഗ്രി സെൽഷ്യസാണ്. തിരുവനന്തപുരം ജില്ലയിലെ പൊന്മുടിയിൽ അനുഭവപ്പെട്ട ഏറ്റവും കുറഞ്ഞ താപനില 12 ഡിഗ്രി സെൽഷ്യസാണ്.
തുലാവർഷം ശക്തിപ്പെടുംവരെ കാലാവസ്ഥാ മാറ്റം തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നത്.