അക്ഷരം മ്യൂസിയം നാടിനു സമര്‍പ്പിച്ചു
Wednesday, November 27, 2024 6:51 AM IST
കോട്ടയം: സഹകരണ വകുപ്പ് നിര്‍മിച്ച ഇന്ത്യയിലെ ആദ്യത്തെ ഭാഷാ-സാഹിത്യ-സാംസ്കാരിക മ്യൂസിയമായ ‘അക്ഷരം’ മറിയപ്പള്ളി ഇന്ത്യാപ്രസ് പുരയിടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഒറ്റ ഭാഷ സംസാരിക്കുന്ന നാട് എന്ന നിലയിലേക്ക് രാജ്യത്തെ ചുരുക്കാന്‍ ചിലര്‍ കിണഞ്ഞു പരിശ്രമിക്കുമ്പോള്‍, അതിനെതിരെയുള്ള ചെറുത്തുനില്‍പ്പുകൂടിയായി മാറും അക്ഷരം മ്യൂസിയമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മ്യൂസിയം പൂര്‍ണമാകുന്നതോടെ കേരളത്തിന്റെ സാംസ്കാരിക ചരിത്രവും ഭാഷാ ചരിത്രവും സാഹിത്യചരിത്രവും അടയാളപ്പെടുത്തപ്പെടും. വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വര്‍ഷത്തില്‍ നമ്മുടെ ഭാഷയ്ക്ക് ഒരു മ്യൂസിയം ഒരുങ്ങുന്നു എന്നത് ഏറെ ശ്രദ്ധേയം തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഹകരണവകുപ്പും സാഹിത്യപ്രവര്‍ത്തക സഹകരണസംഘവും സംയുക്തമായി ഏര്‍പ്പെടുത്തിയ അഞ്ചാമത് അക്ഷരപുരസ്കാരം എം. മുകുന്ദന് മുഖ്യമന്ത്രി സമര്‍പ്പിച്ചു. മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിച്ചു.
സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിഡന്റ് പി.കെ. ഹരികുമാര്‍ ആമുഖപ്രഭാഷണം നടത്തി. സഹകരണസംഘം രജിസ്ട്രാര്‍ ഡോ. ഡി. സജിത് ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, ദീപിക ചീഫ് എഡിറ്റര്‍ റവ.ഡോ. ജോര്‍ജ് കുടിലില്‍, നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, ടി. പദ്മനാഭന്, എം.കെ. സാനു, വി. മധുസൂദനന് നായര്‍, ഏഴാച്ചേരി രാമചന്ദ്രന്, ഡോ. എം.ആര്. രാഘവ വാര്യര്‍, തോമസ് ജേക്കബ്, മുരുകന് കാട്ടാക്കട, ഡോ. റിച് നെഗി, മൗമിത ധര്, മിനി ആന്റണി, ഡോ. വീണ എന്‍. മാധവന്, പി.കെ. ജയചന്ദ്രന്, പി.വി.കെ. പനയാല്‍ തുടങ്ങിയ നിരവധി പ്രമുഖരുള്‍പ്പെടെ വന്‍ ജനസഞ്ചയം പങ്കെടുത്തു.
ലെറ്റര്‍ ടൂറിസം പദ്ധതി പ്രഖ്യാപിച്ചു
അക്ഷരം മ്യൂസിയത്തിന്റെ ഭാഗമായി കോട്ടയത്തെ പ്രധാന സാംസ്കാരിക ചരിത്ര പൈതൃക കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി അക്ഷരം ടൂറിസം സര്‍ക്യൂട്ട് പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇന്ത്യയിലെ ആദ്യത്തെ കോളജായ സിഎംഎസ് കോളജ്, സിഎംഎസ് പ്രസ്, മലയാളത്തിലെ ആദ്യ പത്രമായ ദീപിക ഉള്‍പ്പെടെ ആദ്യകാല പത്രസ്ഥാപനങ്ങള്‍, പാഹ്ലവി ഭാഷയിലുള്ള ലിഖിതങ്ങള്‍ കൊത്തിവച്ച വലിയപള്ളി, ചരിത്ര രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന കുമാരനല്ലൂര്‍ ദേവീക്ഷേത്രം, ദേവലോകം അരമന, ലോകോത്തര മ്യൂറല്‍ പെയിന്റിംഗുകളുള്ള ചെറിയപള്ളി, തിരുനക്കര ക്ഷേത്രം, ഐതിഹ്യമാലയുടെ രചയിതാവായ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ സ്മാരകം, താഴത്തങ്ങാടി ജുമാ മസ്ജിദ്, മാന്നാനം സെന്റ് ജോസഫ് പ്രസ് എന്നിവയെല്ലാം ഈ ടൂറിസം സര്‍ക്യൂട്ടിന്റെ ഭാഗമാകും. സ്വദേശികള്‍ക്കും വിദേശികള്‍ക്കും നമ്മുടെ ഭാഷാ സാംസ്കാരിക ചരിത്രത്തെക്കുറിച്ച് അവബോധം നല്‍കുന്നതാകും ഈ പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.