ബിവറേജസ് കോര്പറേഷന്: ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
Tuesday, November 26, 2024 2:51 AM IST
കൊച്ചി: ബിവറേജസ് ഔട്ട്ലറ്റുകളില് സ്റ്റോക്കിലുണ്ടാവുന്ന കുറവിന്റെ നഷ്ടം ജീവനക്കാരില്‍ നിന്ന് ഈടാക്കാമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
സ്റ്റോക്കില്‍ വലിയ തുകയുടെ പൊരുത്തക്കേടുണ്ടായാല്‍ നഷ്ടത്തിന്റെ 90 ശതമാനം തുല്യമായി ഔട്ട്ലെറ്റ് ജീവനക്കാരില്‍ നിന്നും 10 ശതമാനം വെയര്‍ഹൗസ് മാനേജരില്‍ നിന്നും ഈടാക്കണമെന്ന് വ്യക്തമാക്കി 2017ല്‍ ബിവ്റേജസ് മാനേജിംഗ് ഡയറക്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലറാണ് ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന് റദ്ദാക്കിയത്.
സര്‍ക്കുലര്‍ സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വിലയിരുത്തിയാണ് ഉത്തരവ്. വന്‍തുക തിരിച്ചടയ്ക്കാന്‍ നോട്ടീസ് ലഭിച്ച ചങ്ങനാശേരി ഔട്ട്ലെറ്റിലെ ജീവനക്കാരന് ടി.എന്‍. ഷൈന്‍ അടക്കം നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. സര്‍ക്കുലര്‍ പ്രകാരം തുക ഒടുക്കിയവര്ക്കും കോടതിയെ സമീപിക്കാത്തവര്ക്കും ഹര്‍ജിയിലെ ഉത്തരവ് ബാധകമാകില്ലെന്നും കോടതി വ്യക്തമാക്കി.
ചങ്ങനാശേരി ഔട്ട്ലെറ്റില് മദ്യ സ്റ്റോക്കില്‍ കുറവ് കണ്ടെത്തിയതിന് ജീവനക്കാരില്‍ നിന്ന് 53.21 ലക്ഷം രൂപ ഈടാക്കാനാണ് നോട്ടീസ് നല്‍കിയത്. സര്‍വീസ് ചട്ടങ്ങളില്‍ ഇല്ലാത്ത നടപടിയാണ് എംഡി സ്വീകരിച്ചിരിക്കുന്നതെന്നും തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് നടപടിയെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.
എന്നാല്‍ ഇത്തരമൊരു ഉത്തരവിടാന്‍ എംഡിക്ക് അധികാരമുണ്ടെന്നും സര്‍വീസ് ചട്ടങ്ങളുമായി ഇതിനെ ബന്ധിപ്പിക്കേണ്ടതില്ലെന്നുമായിരുന്നു ബിവ്റേജസ് കോര്‍പറേഷന്റെ വാദം.