അന്പും ഒളിയന്പുമായി കെ. സുരേന്ദ്രൻ
Tuesday, November 26, 2024 2:51 AM IST
പാലക്കാട്: തോൽവിയുടെ പേരിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ സ്ഥാനം രാജിവയ്ക്കണോ എന്നതിൽ കേന്ദ്രനേതൃത്വം തീരുമാനമെടുക്കുമെന്നു കെ. സുരേന്ദ്രൻ. താൻ നിക്കണോ പോണോ എന്നു കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും തനിക്കു വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ ഓഡിറ്റ് ചെയ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
പരാജയമുണ്ടായാൽ പഴി പ്രസിഡന്റിനുമാത്രമാണ്. മൂന്നു മണ്ഡലങ്ങളിലെയും തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കും. അതേസമയം, വി. മുരളീധരൻ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നപ്പോൾ രണ്ടായിരം വോട്ടാണു പിറവത്തു കിട്ടിയതെന്നും അന്ന് ആരും അധ്യക്ഷസ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെട്ടില്ലെന്നും സുരേന്ദ്രൻ വിമർശിച്ചു.
പാലക്കാട്ടെ സ്ഥാനാർഥിനിർണയത്തിനു ചുമതലപ്പെടുത്തിയതു കുമ്മനം രാജശേഖരനെന്ന മുതിർന്ന നേതാവിനെയാണ്. സ്ഥാനാർഥിസ്ഥാനത്തേക്കു മൂന്നുപേരുകൾ നൽകിയിരുന്നു. എന്നാൽ രണ്ടു പേർ മത്സരിക്കാൻ തയാറായില്ല. സി. കൃഷ്ണകുമാർ അവസാനനിമിഷംവരെ മത്സരിക്കില്ലെന്നു പറഞ്ഞുവെന്നും പാർട്ടി നിർബന്ധിച്ചതിനാലാണ് അദ്ദേഹം മത്സരിച്ചതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
ബിജെപിക്കു തിരിച്ചടിയായി നഗരസഭയിലെ ലഡുവിവാദം
തെരഞ്ഞെടുപ്പിനുപിന്നാലെ ബിജെപിക്കു തിരിച്ചടിയായി നഗരസഭയിലെ ലഡുവിവാദം. രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയത്തിന്റെ ഭാഗമായി പ്രതിപക്ഷ കോൺഗ്രസ് മെംബർമാർ നഗരസഭാ ഓഫീസിൽ നടത്തിയ ലഡുവിതരണത്തിൽ പാലക്കാട് നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരൻ ലഡു സ്വീകരിച്ചതാണു പുതിയ വിവാദം.
പ്രമീള ശശിധരനു കോൺഗ്രസ് നേതാക്കൾ ലഡു വായിൽവച്ചുകൊടുക്കുന്ന ദൃശ്യങ്ങൾസഹിതം ഉൾപ്പെടുത്തിക്കൊണ്ട് പ്രചാരണം ആരംഭിച്ചിരിക്കുകയാണു കൃഷ്ണകുമാർ വിഭാഗം. ബിജെപിയുടെ മുതിർന്ന അംഗം എൻ. ശിവരാജൻ മധുരം എടുക്കാൻ ശ്രമിച്ചെങ്കിലും ബിജെപി പ്രവർത്തകർ തടഞ്ഞതോടെ അദ്ദേഹം പിന്മാറുന്നതും കോൺഗ്രസ് പ്രവർത്തകരെ തിരിച്ചയയ്ക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വീണുകിട്ടിയ ആയുധം വേണ്ടവിധം ഉപയോഗിക്കാൻ ഒരുങ്ങിയിരിക്കുകയാണ് സി. കൃഷ്ണകുമാർപക്ഷം.
നേതാക്കൾക്കെതിരേ ബിജെപി ദേശീയ കൗൺസിലംഗം എൻ. ശിവരാജൻ
സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾക്കെതിരേ ബിജെപി ദേശീയ കൗൺസിൽ അംഗം എൻ. ശിവരാജൻ. തോൽവിയുടെ ഉത്തരവാദിത്വം കെ. സുരേന്ദ്രനും സി. കൃഷ്ണകുമാറിനും പാലക്കാടിന്റെ ചുമതയുള്ള പ്രഭാരി പി. രഘുനാഥിനും ആണെന്ന് ശിവരാജൻ ആരോപിച്ചു. തോൽവിയുടെ ഉത്തരവാദിത്വം കൗൺസിലർമാരുടെ തലയിൽ കെട്ടിവയ്ക്കേണ്ടതില്ലെന്നും ശിവരാജൻ പറഞ്ഞു.
പി. രഘുനാഥ് സ്വന്തം ബൂത്തിൽ വോട്ടു കൂട്ടട്ടെ. ആരുടെയും ഔദാര്യം കൊണ്ടല്ല നഗരസഭയിൽ ബിജെപി ഭരണം നേടിയത്. വിഷയത്തിൽ സംസ്ഥാനനേതൃത്വം ഒന്നും ചെയ്തില്ലെന്നും ശിവരാജൻ കുറ്റപ്പെടുത്തി.
അതേസമയം, പാലക്കാട് ഒരു ഭൂകമ്പവും നടന്നിട്ടില്ലെന്നും കുറഞ്ഞത് വെറും ഒന്നരശതമാനം വോട്ടുമാത്രമാണെന്നും പി. രഘുനാഥ് പറഞ്ഞു. താഴെത്തട്ടിലുള്ളവരുടെയടക്കം അഭിപ്രായംമൂലമാണ് സി.കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി കൗൺസിലർമാരെ കോൺഗ്രസിലേക്ക് സ്വാഗതംചെയ്ത് ഡിസിസിയും ശ്രീകണ്ഠനും
ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥിയുടെ തോല്വിക്കുപിന്നാലെയുണ്ടായ പൊട്ടിത്തെറിക്കിടെ നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാരെ സ്വാഗതംചെയ്ത് കോണ്‍ഗ്രസ്. ബിജെപി നേതൃത്വവുമായി പിണങ്ങിനിൽക്കുന്ന പാലക്കാട്ടെ ബിജെപിയുടെ 18 കൗണ്‍സിലര്‍മാരെയും കോണ്‍ഗ്രസിലേക്കു സ്വാഗതംചെയ്യുകയാണെന്നു ഡിസിസി പ്രസിഡന്റ് എ. തങ്കപ്പനും വി.കെ. ശ്രീകണ്ഠൻ എംപിയും വ്യക്തമാക്കി.
കോണ്‍ഗ്രസ് ആശയങ്ങള്‍ അംഗീകരിക്കാൻ തയാറായാൽ സ്വീകരിക്കുമെന്നും അവര്‍ നിലപാട് വ്യക്തമാക്കിയാൽ കോണ്‍ഗ്രസ് ചര്‍ച്ച നടത്തുമെന്നും എ. തങ്കപ്പൻ പറഞ്ഞു.
അതൃപ്തരായ മുഴുവൻ കൗൺസിലർമാർക്കും സ്വാഗതമെന്നും നഗരസഭാധ്യക്ഷയെ അടക്കം കോൺഗ്രസ് സ്വാഗതം ചെയ്യുകയാണെന്നും ജനപ്രതിനിധികൾക്കു ബിജെപിയിൽ തുടരാൻ കഴിയാത്ത സാഹചര്യമാണെന്നും വി.കെ. ശ്രീകണ്ഠൻ എംപി പറഞ്ഞു.
പാലക്കാട്ടെ തെരഞ്ഞെടുപ്പുവിജയത്തിൽ കോണ്‍ഗ്രസ് നൽകിയ ലഡു സന്തോഷത്തോട നഗരസഭാധ്യക്ഷ കഴിച്ചു. സി. കൃഷ്ണകുമാറിനെതിരായ സാമ്പത്തിക ആരോപണം അതീവഗുരുതരമാണ്.
തമിഴ്നാട്ടിലെ ബ്ലേഡ് കമ്പനിയെക്കുറിച്ച് അന്വേഷിക്കണം. സന്ദീപ് വാര്യർക്കുപിന്നാലെ ഇനിയും നേതാക്കൾ കോൺഗ്രസിലേക്കു വരുമെന്നും ശ്രീകണ്ഠൻ പറഞ്ഞു.