തീവ്ര കമ്യൂണിസ്റ്റുകളുടെ വോട്ടുകളും യുഡിഎഫിനു കിട്ടി: കെ. സുധാകരന്
Monday, November 25, 2024 4:08 AM IST
കൊച്ചി: സിപിഎമ്മിന്റെയും ബിജെപിയുടെയും വര്ഗീയപ്രചാരണങ്ങള്ക്കു ജനം നല്കിയ തിരിച്ചടിയാണ് ഉപതെരഞ്ഞെടുപ്പിലെ ജനവിധിയെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി. എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ യുഡിഎഫിന് ലഭിച്ചു.
പരാജയത്തിലെ ജാള്യതമൂലമാണ് സിപിഎം വര്‍ഗീയ ആരോപണം ഉന്നയിക്കുന്നത്. സര്‍ക്കാരിനോടും സിപിഎമ്മിനോടുമുള്ള ജനങ്ങളുടെ വെറുപ്പാണ് അവര്‍ക്കു തിരിച്ചടിയായതെന്നും സുധാകരന് കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു. പാലക്കാട് ബിജെപി തോറ്റതില്‍ സിപിഎം കടുത്ത നിരാശയിലാണ്. ബിജെപിയുടെ അജൻഡകളാണു സിപിഎം നടപ്പാക്കാന്‍ ശ്രമിച്ചത്. അതിനുള്ള തിരിച്ചടി ഉപതെരഞ്ഞെടുപ്പില്‍ കിട്ടിയിട്ടും പാഠം പഠിക്കാന്‍ സിപിഎം തയാറാകുന്നില്ല. തീവ്ര കമ്യൂണിസ്റ്റുകളുടെ വോട്ടുകളും വയനാട്ടിലും പാലക്കാട്ടും ചേലക്കരയിലും യുഡിഎഫിനു കിട്ടി. ഇതു ഭരണവിരുദ്ധ വികാരത്തിന്റെ വ്യാപ്തിയാണു സൂചിപ്പിക്കുന്നത്. ചേലക്കരയിലെ പരാജയകാരണം പരിശോധിക്കും.
കഴിഞ്ഞ മൂന്നു പതിറ്റാണ്ട് സിപിഎം കൈവശം വയ്ക്കുന്ന മണ്ഡലമാണു ചേലക്കര. അവിടെ ഭൂരിപക്ഷം കുറയ്ക്കാനായതില്‍ കോണ്‍ഗ്രസിന് ഗോള്‍ഡ് മെഡലാണു തരണ്ടേത്. രമ്യ ഹരിദാസ് മികച്ച സ്ഥാനാർഥിയായിരുന്നു. അവരുടെ സ്ഥാനാർഥിത്വം സംബന്ധിച്ച് ആരും പരാതി പറഞ്ഞിട്ടില്ല. മറിച്ച് അഭിപ്രായമുണ്ടോയെന്ന് അറിയില്ല.
പി. സരിന് കാണിച്ചതു വലിയ ചതിയാണ്. സ്ഥാനാര്‍ഥിത്വം കിട്ടിയില്ല എന്നുപറഞ്ഞ് തെരഞ്ഞെടുപ്പിനുമുമ്പ് മറുപക്ഷം ചാടുന്നയാളെ വിശ്വസിക്കാനോ കൂടെനിര്‍ത്താനോ സാധിക്കില്ല. നിർണായക സമയത്തു പാര്‍ട്ടിയെ വഞ്ചിച്ച വ്യക്തിയെ തിരികെവന്നാലും കോണ്‍ഗ്രസ് എടുക്കില്ല. -സുധാകരൻ വ്യക്തമാക്കി.