കരുത്തു തെളിയിച്ച് ദക്ഷിണ നാവികസേന
Wednesday, November 27, 2024 6:50 AM IST
കൊച്ചി: തീരസുരക്ഷയില് ദക്ഷിണ നാവികസേനയുടെ കരുത്ത് ഒരിക്കല്‍ക്കൂടി തെളിയിച്ച് പുറംകടലില്‍ അഭ്യാസപ്രകടനം. നാവികദിനാചരണത്തിന്റെ ഭാഗമായി പുറംകടലില്‍ പ്രതീകാത്മകമായി അവതരിപ്പിച്ച രക്ഷാദൗത്യവും ചെറുത്തുനില്‍പ്പും കൊച്ചിതീരം നാവികസേനയുടെ കൈകളില്‍ എത്രത്തോളം ഭദ്രമെന്ന് തെളിയിക്കുന്നതായി.
നാവികസേനയുടെ ‘ഐഎന്‍എസ് സുജാത’യും ‘ഐഎന്‍എസ് ഷാര്‍ദുലും’ അഭ്യാസപ്രകടനത്തില്‍ പങ്കാളികളായി. ഇന്നലെ രാവിലെ പുറംകടലില്‍ നടന്ന പ്രകടനത്തില്‍ കടല്‍ക്കൊള്ളക്കാരെ നേരിടുന്നതും അത്യാവശ്യഘട്ടങ്ങളില്‍ നല്‍കേണ്ട മെഡിക്കല്‍ സേവനങ്ങളും മറ്റും നാവികസേന അവതരിപ്പിച്ചു. പുറംകടലിലേക്കു പോകവേ ‘ഐഎന്‍എസ് സുജാത’യുടെ നേര്‍ക്ക് കടല്‍ക്കൊള്ളക്കാരുടെ ആക്രമണത്തെ പ്രതിരോധിക്കുന്നതാണ് ആദ്യം അവതരിപ്പിച്ചത്.
കൊള്ളക്കാരുടെ ചീറിപ്പാഞ്ഞുള്ള വരവ് അറിയിച്ചുകൊണ്ട് ഡെക്കില്‍നിന്നും ക്യാപ്റ്റന്റെ സന്ദേശമെത്തി. തുടര്‍ന്ന് വെടിയുതിര്‍ക്കുന്നതും കടല്‍ക്കൊള്ളക്കാരെ തുരത്തുന്നതും അവതരിപ്പിച്ചു. ഇതിനിടെ ‘സുജാത’യുടെ ഒപ്പം പുറകടലിലേക്കു പുറപ്പെട്ട ‘ഐഎന്‍എസ് ഷാര്‍ദുല്‍’ പ്രതീകാത്മകമായി മിസൈല്‍ ആക്രമണത്തിനിരയായെന്ന വിവരമെത്തി. പിന്നീട് പുറംകടലില്‍ പെട്ടുപോയ കപ്പലിനെ രക്ഷപ്പെടുത്തുന്ന ടോയിംഗ് അവതരിപ്പിച്ചു.
ആകാശമാര്‍ഗം ആക്രമണമുണ്ടായേക്കുമെന്ന മുന്നറിയിപ്പില്‍ നിമിഷങ്ങള്‍ക്കകം ആന്റി എയര്‍ ക്രാഫ്റ്റ് സജ്ജമാക്കി. 180 ഡിഗ്രിയില്‍ തിരിയാനും ശത്രുവിമാനങ്ങളെ വെടിവച്ചിടാനും ആന്റി എയര്‍ ക്രാഫ്റ്റിനു സാധിക്കും. എയര്‍ക്രാഫ്റ്റും ലക്ഷ്യത്തിലേക്ക് പ്രതീകാത്മകമായി നിറകളൊഴിച്ചു.
‘ഐഎന്‍എസ് സുജാത’യിലേക്ക് ചേതക്ക് ഹെലികോപ്റ്റര്‍ തൊട്ടൊരുമ്മി പറക്കുകയും അവശ്യസാധനങ്ങള്‍ നല്കി മടങ്ങുന്നതും അസുഖബാധിതരെയും ആയുധങ്ങളും മറ്റും മറ്റൊരു നാവികകപ്പലിലേക്ക് കയര്‍ കെട്ടി മാറ്റുന്ന സ്മോള്‍ ജാക്ക് സ്റ്റേയും അവതരിപ്പിച്ചു.