കയറിൽ കുരുങ്ങി ബൈക്ക് യാത്രികന്റെ മരണം: കരാറുകാരൻ അറസ്റ്റിൽ
Tuesday, November 26, 2024 2:51 AM IST
തിരുവല്ല: മരം മുറിക്കാനായി റോഡിനു കുറുകെ കെട്ടിയ പ്ലാസ്റ്റിക് കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ കരാറുകാരനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. കവിയൂർ ഞാലിഭാഗം മണിമല പാണം കാലായിൽ പി. കെ. രാജനാണ് (53) അറസ്റ്റിലായത്.
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മരം മുറിക്കുന്നതിനുവേണ്ടി തിരുവല്ല നഗരസഭ നൽകിയ ജോലി കരാറെടുത്തിരുന്ന രാജനെ നരഹത്യാക്കുറ്റം ചുമത്തിയാണ് അറസ്റ്റു ചെയ്തത്.
തിരുവല്ല നഗരത്തിലെ മുത്തൂർ - കുറ്റപ്പുഴ റോഡിൽ ഗവൺമെന്റ് എൽപി സ്കൂൾ വളപ്പിലെ മരം മുറിക്കുന്നതിനുവേണ്ടി 100 മീറ്റർ മാറി മുത്തൂർ ദേവി ക്ഷേത്രത്തിനു സമീപമാണ് റോഡിനു കുറുകെ കയർ കെട്ടിയിരുന്നത്. ഇതുവഴി ബൈക്കിലെത്തിയ തകഴി കുന്നുമ്മ കുറുപ്പന്ചേരിച്ചിറയില് കെ. എസ്. സിയാദാണ് (32) ഞായറാഴ്ച വൈകുന്നേരം കഴുത്തിൽ കയർ കരുങ്ങി കൊല്ലപ്പെട്ടത്. സിയാദിനൊപ്പം ബൈക്കില്‍ യാത്ര ചെയ്തിരുന്ന ഇയാളുടെ ഭാര്യ സീനമോള്, മക്കളായ സീഹാന്‍, നൂര്സിസ എന്നിവർക്കും പരിക്കേറ്റു.
കഴുത്തു മുറിഞ്ഞു സംഭവസ്ഥലത്ത് തന്നെ സിയാദ് മരിച്ചു. ബന്ധുവിന്റെ മൊഴിപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. സിയാദിന്റെ മൃതദേഹം തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തിയശേഷം, ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.