വാട്സ്ആപ്പിലെ ഒടിപി പറഞ്ഞുകൊടുക്കല്ലേ; തട്ടിപ്പാണ്
Monday, November 25, 2024 3:50 AM IST
കൊച്ചി: പരിചിത നമ്പറുകളില്‍നിന്ന് ഒടിപി നമ്പര്‍ ചോദിച്ച് വാട്സ്ആപ് ഹാക്ക് ചെയ്യുന്ന തട്ടിപ്പ് വ്യാപകമായതോടെ ജാഗ്രത പുലര്‍ത്തണമെന്നു പോലീസിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ രണ്ടു ദിവസമായി നിരവധ പരാതികളാണ് ഇതുസംബന്ധിച്ച് എറണാകുളം സൈബര്‍ പോലീസിന് ലഭിക്കുന്നത്.
മുമ്പും ഇത്തരത്തില്‍ പരാതികള്‍ ലഭിച്ചിരുന്നെങ്കിലും കഴിഞ്ഞ രണ്ടു ദിവസമായാണ് പരാതികളുടെ എണ്ണം വര്‍ധിച്ചത്. നേരത്തെ ഫേസ്ബുക്ക് അടക്കമുള്ള മറ്റ് സമൂഹമാധ്യമങ്ങള്‍ വഴിയായിരുന്നു തട്ടിപ്പ്. എന്നാല്‍ വാട്സ്ആപ് കേന്ദ്രീകരിച്ചുള്ള ഇത്രയധികം തട്ടിപ്പുകള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമായാണ്. ഇത്തരത്തില്‍ ലഭിച്ച പരാതികളിലടക്കം പരിശോധനകള്‍ നടക്കുന്നതായി സൈബര്‍ പോലീസ് വ്യക്തമാക്കി.
പണം ആവശ്യപ്പെടുന്നതിനു പുറമേ വാട്സ്ആപ് അക്കൗണ്ടിലെ ചിത്രങ്ങളും സന്ദേശങ്ങളും വീഡിയോകളും ഉപയോഗിച്ച് ഉടമകളെ ബ്ലാക്ക് മെയില്‍ ചെയ്യാനുള്ള ശ്രമങ്ങളും നടക്കുന്നതായി പോലീസ് പറയുന്നു. ഒടിപി നമ്പര്‍ ആവശ്യപ്പെട്ട് പരിചയമുള്ള ആളുകള്‍ സന്ദേശം അയച്ചാല്‍പ്പോലും യഥാര്‍ഥമാണോയെന്നു പരിശോധിച്ചശേഷമേ പ്രതികരിക്കാവൂവെന്നും പോലീസ് മുന്നറിയിപ്പ് നല്കുന്നു.
തട്ടിപ്പ് ഇങ്ങനെ
ഒരു ആറക്ക ഒടിപി നമ്പര്‍ എസ്എംഎസ് ആയി അബദ്ധത്തില്‍ അയച്ചിട്ടുണ്ടെന്നും അത് വാട്സ്ആപ്പില്‍ ഫോര്‍വേഡ് ചെയ്ത് നല്‍കാനും ആവശ്യപ്പെട്ട് പരിചയമുള്ള നമ്പറുകളില്‍നിന്നാണു തട്ടിപ്പ് സന്ദേശം എത്തുന്നത്. നമുക്ക് പരിചയമുള്ള, നേരത്തെ ഹാക്ക് ചെയ്യപ്പെട്ട ആളുകളുടെ നമ്പറുകളില്നിന്നാകും ഇത്തരത്തില്‍ സന്ദേശം വരുന്നത്.
ഒടിപി നമ്പര്‍ ഫോര്‍വേഡ് ചെയ്തു കൊടുത്താല്‍ നമ്മുടെ വാട്സ്ആപ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടും. ഇതോടെ തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാകും വാട്സ്ആപ് അക്കൗണ്ട്. തുടര്‍ന്ന് നമ്മള് ഉള്‍പ്പെട്ടിട്ടുള്ള വാട്സ്ആപ് ഗ്രൂപ്പുകളിലെയും നമ്മുടെ കോണ്ടാക്ട് ലിസ്റ്റിലെ അംഗങ്ങള്‍ക്കും ഇത്തരത്തില്‍ ഒടിപി ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളും പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളും അയക്കുന്നതാണു തട്ടിപ്പിന്റെ രീതി. വാട്സ്ആപ് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നു മനസിലാക്കി മറ്റുള്ളവരെ അറിയിക്കാന്‍ ശ്രമിച്ചാല്‍ ആ സന്ദേശവും തട്ടിപ്പുസംഘത്തിന് ഡിലീറ്റാക്കാന്‍ കഴിയും.