ഭാര്യക്ക് വീണ്ടും മര്‍ദനം: പന്തീരാങ്കാവ് ഗാര്‍ഹികപീഡനക്കേസിലെ പ്രതി രാഹുല്‍ അറസ്റ്റില്‍
Wednesday, November 27, 2024 6:51 AM IST
കോഴിക്കോട്: ഹൈക്കോടതി തീര്‍പ്പാക്കിയ പന്തീരാങ്കാവ് ഗാര്‍ഹികപീഡനക്കേസിലെ പ്രതി കോഴിക്കോട് പന്തീരാങ്കാവ് വള്ളിക്കുന്ന് സ്നേഹതീരത്തില്‍ രാഹുല്‍ പി. ഗോപാലന് അറസ്റ്റില്‍. മര്‍ദനത്തെത്തുടർന്ന് ഭാര്യ നല്കിയ പരാതിയിൽ കൊലപാതകശ്രമം, ഗാര്‍ഹികപീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
നേരത്തേ രാഹുലിനെതിരായ ഗാര്‍ഹികപീഡനക്കേസുകള്‍ കോടതി തീര്‍പ്പാക്കുകയും ഇരുവര്‍ക്കും ഒന്നിച്ചുജീവിക്കാന്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച ഗാര്‍ഹികപീഡനക്കേസ് റദ്ദാക്കി ഒരുമാസം പിന്നിടുമ്പോഴാണ് അടുത്ത കേസും വന്നിട്ടുള്ളത്.
തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണു രാഹുല്‍ ആംബുന്‍സില്‍ ഭാര്യയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. രാഹുല്‍ തന്നെ പന്തീരാങ്കാവിലെ വീട്ടില്‍വച്ചും പിന്നീട് ആശുപത്രിയിലേക്കു കൊണ്ടുവരുംവഴി ആംബുലന്‍സില്‍വച്ചും മര്‍ദിച്ചുവെന്നാണു യുവതി ആദ്യം മൊഴി നല്‍കിയത്. മുഖത്തും തലയ്ക്കും ചുണ്ടിനും ഇടതുകണ്ണിനും മുറിവേറ്റിട്ടുണ്ട്. രാത്രി പതിനൊന്നോടെ ഫറോക്ക് എസിപി എ.എം. സിദ്ദിഖിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം ആശുപത്രിയില്‍ എത്തി.
തനിക്ക് പരാതി ഇല്ലെന്നും മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ അനുവദിക്കണമെന്നും യുവതി പോലീസിനോടു പറഞ്ഞു. പരാതിയില്ലെന്നു പോലീസിനു എഴുതിനല്‍കുകയും ചെയ്തു. ഭര്‍ത്താവിന്റെ വീട്ടില്‍നിന്നു സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കുന്നതിനു സഹായിക്കണമെന്നും യുവതി പോലീസിനോടു പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് രാഹുലിനെ പാലാഴിയില്വച്ച് എസിപിയുടെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുത്തു. കരുതല്‍ തടങ്കല്‍ എന്ന നിലയ്ക്കാണു കസ്റ്റഡിയില്‍ എടുത്തത്.
മര്‍ദനമേറ്റ വിവരമറിഞ്ഞ് യുവതിയുടെ മാതാപിതാക്കള്‍ പലര്‍ച്ചെയോടെ എറണാകുളത്തുനിന്നു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തി. ഇതിനുശേഷമാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
രാഹുലും യുവതിയും തമ്മിലുള്ള വിവാഹവും അതിനുശേഷമുള്ള സംഭവങ്ങളും കോളിളക്കം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ മേയ് അഞ്ചിനാണ് എറണാകുളം പറവൂര്‍ സ്വദേശിയായ യുവതിയും ജര്‍മനിയില്‍ ഏറോനോട്ടിക്കല്‍ എന്‍ജിനിയറായ രാഹുലും ഗുരുവായൂരില്‍വച്ച് വിവാഹിതരായത്. ഒരാഴ്ച കഴിയും മുമ്പ് മേയ് പതിനൊന്നിന് രാഹുലിന്റെ വീട്ടില്‍വച്ച് യുവതിക്കു ഗുരുതരമായി മര്‍ദനമേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുളിമുറിയില്‍ വീണു പരിക്കേറ്റുവെന്നായിരുന്നു രാഹുലിന്റെ വീട്ടുകാര്‍ നല്കിയ മൊഴി. വിവാഹശേഷം വീടുകാണല്‍ ചടങ്ങിനെത്തിയ യുവതിയുടെ വീട്ടുകാര്‍ പരിക്കുകള്‍ കണ്ട് പന്തീരാങ്കാവ് പോലീസില്‍ പരാതിനല്‍കുകയായിരുന്നു. മര്‍ദനമേറ്റ് ബോധം നഷ്ടപ്പെട്ട യുവതിയെ രാഹുലും സുഹൃത്തുക്കളുമാണ് അന്ന് ആശുപത്രിയില്‍ എത്തിച്ചിരുന്നത്. രാഹുലിനെതിരേ വധശ്രമമടക്കമുള്ള കുറ്റം ചുമത്തി പോലീസ് കേസെടുത്തു. എന്നാല്‍, പോലീസിലെ ചിലരുടെ സഹായത്തോടെ രാഹുല്‍ ജര്‍മനിയിലേക്കു കടന്നു. രാഹുലിനെ നാട്ടില്‍ എത്തിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം കേരള പോലീസ് തേടിയ ഘട്ടത്തിലാണ് ഒരുമിച്ചു ജീവിക്കാന്‍ സന്നദ്ധരാണെന്നു കാണിച്ച് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.
യുവതിയെ രാഹുലിനൊപ്പം പോകാന്‍ കോടതി അനുവദിക്കുകയും ചെയ്തു. അതിനുശേഷം ഇവര്‍ ഒരുമിച്ചു കഴിഞ്ഞുവരികയായിരുന്നു. യുവതിക്ക് അന്നു മര്‍ദനമേറ്റ സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതിനു പന്തീരാങ്കാവ് എസ്എച്ച്ഒയെയും സിവില്‍ പോലീസ് ഓഫീസറെയും സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. രാഹുലിന്റെ മാതാപിതാക്കള്‍ അടക്കം നാലു പേര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു.