ഉപതെരഞ്ഞെടുപ്പ് തോൽവി ബിജെപിയിലും ഘടകകക്ഷികളിലും അതൃപ്തി
സ്വന്തം ലേഖകൻ
Monday, November 25, 2024 4:11 AM IST
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പുകളിലെ ദയനീയ പരാജയത്തിനു പിന്നാലെ ബിജെപിയിലും എൻഡിഎ ഘടകകക്ഷികളിലും നിറഞ്ഞുനിന്ന അതൃപ്തി പുറത്തേക്ക്. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നേരിട്ടു പ്രചാരണം നയിച്ച പാലക്കാട്ടെ ദയനീയ പരാജയവും വോട്ടു ചോർച്ചയും നാളെ കൊച്ചിയിൽ വിളിച്ചുചേർത്ത ബിജെപി നേതൃയോഗത്തിൽ ചർച്ചയാകും.
ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെ. സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യവും ഒരു വിഭാഗം സജീവമാക്കിയിട്ടുണ്ട്.
വയനാട് ഉരുൾപൊട്ടൽ ദുരന്ത പുനരധിവാസ ഫണ്ട് അനുവദിക്കാത്ത ബിജെപി കേന്ദ്ര നേതൃത്വത്തിലെ നിലപാടുകളിൽ പാർട്ടിയിലെ നല്ലൊരു വിഭാഗത്തിനും ദേശീയ ജനാധിപത്യ സഖ്യ ഘടകകക്ഷികളിൽ ചിലർക്കും അതൃപ്തിയുണ്ട്. ദയനീയ പരാജയത്തിനും വോട്ടു ചോർച്ചയ്ക്കും ഇടയാക്കിയ സംഭവങ്ങളിൽ പ്രധാനം കേന്ദ്ര നിലപാടാണെന്ന വിമർശനമുണ്ടെങ്കിലും ഭയന്നു പുറത്തുപറയാൻ സംസ്ഥാനത്തെ പല നേതാക്കൾക്കും ഭയവുമുണ്ട്.
കേരളത്തിലെ ബിജെപി കടിഞ്ഞാണ് ഇല്ലാത്ത കുതിരയെപ്പോലെ ഓടിക്കൊണ്ടിരിക്കുകയാണെന്നും നേതൃത്വം നൽകുന്ന ഒരു നേതാവിനും ഉത്തരവാദിത്വങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ കഴിയില്ലെന്നുമുള്ള വിമർശനവുമായി എൻഡിഎ ഘടകകക്ഷിയായ വിഎസ്ഡിപി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ സാമൂഹമാധ്യമം വഴി പരസ്യമായി രംഗത്തെത്തി. ജനസമ്മതി ഇല്ലാത്ത ചില നേതാക്കളാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും മറ്റു സംസ്ഥാനങ്ങളിലെ വിജയം ആഘോഷിക്കുന്പോൾ സ്വന്തം സ്ഥലത്ത് എന്തുകൊണ്ടു വിജയിപ്പിക്കാനോ നേട്ടങ്ങൾ ഉണ്ടാക്കാനോ കഴിയുന്നില്ലെന്നും പോസ്റ്റിൽ പറയുന്നു.
പരാജയത്തിന്റെ പേരിൽ ബിജെപി നേതാക്കൾ ഒറ്റതിരിഞ്ഞ് നേതൃത്വത്തെ ആക്രമിക്കുകയാണ്. പാലക്കാട്ടെ പരാജയത്തെക്കുറിച്ചു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ കൂടുതലെന്തെങ്കിലും അറിയണമെങ്കിൽ സംസ്ഥാന പ്രസിഡന്റിനോട് ചോദിക്കാനായിരുന്നു മുൻ കേന്ദ്രമന്ത്രിയും ബിജെപി മുൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന വി. മുരളീധരന്റെ മറുപടി.
മഹാരാഷ്ട്രാ വിജയത്തെക്കുറിച്ചു പറയാമെന്നുമുള്ള വി. മുരളീധരന്റെ പ്രസ്താവനയ്ക്കുകൂടിയാണ് പേരെടുത്തു പറയാതെയുള്ള വിഷ്ണുപുരം ചന്ദ്രശേഖരന്റെ വിമർശനം. അതേസമയം, സജീവ സാന്നിധ്യമായി ആർഎസ്എസ് കൂടി പാലക്കാട് ഇല്ലായിരുന്നെങ്കിൽ പരാജയത്തിന്റെ ആക്കം കൂടിയേനെ എന്നാണ് ആർഎസ്എസ് വിലയിരുത്തുന്നത്.
ആർഎസ്എസ് നിയോഗിക്കുന്ന സംഘടന സെക്രട്ടറിയില്ലാതെ നടന്ന തെരഞ്ഞെടുപ്പു കൂടിയായിരുന്നു. അതേസമയം, പാലക്കാട് നഗരസഭയിൽ ബിജെപി സ്ഥാനാർഥി പിന്നിലായതിനു പിന്നിൽ നഗരസഭയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണു കാരണമായതെന്നാണു സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. ആലപ്പുഴ, ആറ്റിങ്ങൽ, തൃശൂർ, തിരുവനന്തപുരം മണ്ഡലങ്ങളിലെ വോട്ടുവർധനയുടെ ബലത്തിലാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാനത്ത് 20 ശതമാനം വോട്ട് നേടിയതെന്നാണു പറയുന്നത്.
പാർട്ടിക്ക് ഏറെ പ്രതീക്ഷയുള്ള പാലക്കാട് മണ്ഡലത്തിൽ സ്ഥാനാർഥിയെ കണ്ടെത്താൻ മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ രൂപീകരിച്ച സമിതി ബൂത്ത്, പഞ്ചായത്ത്, മണ്ഡലം ഭാരവാഹികളെ സന്ദർശിച്ചപ്പോൾ ഭൂരിപക്ഷവും ശോഭാ സുരേന്ദ്രന്റെ പേരായിരുന്നു ജയസാധ്യതയുള്ള സ്ഥാനാർഥിയായി നിർദേശിച്ചിരുന്നതെന്നാണു പറയുന്നത്. എന്നാൽ, ബിജെപി കോർ കമ്മിറ്റിയിൽ വി. മുരളീധരൻ, കെ. സുരേന്ദ്രൻ, പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ് എന്നിവർ ഒന്നിച്ച് എതിർത്തതോടെയാണ് കൃഷ്ണകുമാർ സ്ഥാനാർഥിയായി എത്തിയത്. ശോഭയെ വെട്ടാനാണ് ജയസാധ്യതയുള്ള സീറ്റിൽ മറ്റൊരു സ്ഥാനാർഥിയെ നിർത്തി നിലവിലുള്ള വോട്ട് പോലും നഷ്ടമാക്കിയതെന്ന വിമർശനവും ഉയരുന്നു.