വളപട്ടണത്തെ കവർച്ച : പ്രതികളെ തപ്പി പോലീസ് ഇതരസംസ്ഥാനങ്ങളിലേക്ക്
Wednesday, November 27, 2024 6:51 AM IST
കണ്ണൂർ: വളപട്ടണത്തെ അരി മൊത്തവ്യാപാരിയുടെ വീട്ടിൽനിന്നും ഒരു കോടി രൂപയും 300 പവൻ സ്വർണ- വജ്രാഭരണങ്ങളും മോഷണം പോയ സംഭവത്തിൽ പ്രതികളെ തപ്പി പോലീസ് ഇതരസംസ്ഥാനങ്ങളിലേക്ക്.
പ്രതികൾ ട്രെയിനിൽ രക്ഷപ്പെട്ടിട്ടുണ്ടാകാം എന്ന നിഗമനത്തിൽ കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഉത്തർ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് പോലീസ് സ്ക്വാഡുകൾ തിരിഞ്ഞ് അന്വേഷണത്തിനായി പുറപ്പെട്ടത്. കവർച്ച നടന്നത് വൈകി അറിഞ്ഞതും വളപട്ടണം റെയിൽവേ സ്റ്റേഷനിൽ സിസിടിവി ഇല്ലാത്തതും പോലീസിനെ വെട്ടിലാക്കുന്നുണ്ട്.
കണ്ണൂർ ജില്ലയിലെയും മറ്റു ജില്ലകളിലെയും മംഗളൂരു ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിലേയും പ്രധാന റെയിൽവേ സ്റ്റേഷനുകളിലെ സിസിടിവികൾ പോലീസ് പരിശോധിച്ച് വരികയാണ്. കൂടാതെ 19 മുതൽ 21 വരെ കവർച്ച നടന്ന വീടിന്റെ പരിസരങ്ങളിലെ ഫോൺകോളുകളുടെ വിശദാംശങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. നിലവിൽ പ്രതികളെക്കുറിച്ച് യാതൊരു സൂചനയും പോലീസിനു ലഭിച്ചിട്ടില്ല.
അതേസമയം മോഷണം നടന്ന വീട്ടിൽ മോഷ്ടാക്കൾ രണ്ടു തവണ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. 20ന് പുലർച്ചെ മോഷ്ടാവ് വീടിൽ പ്രവേശിച്ചിരുന്നു. വ്യാഴാഴ്ച പുലർച്ചെ ഒരു കെട്ടുമായി പ്രതി പുറത്തേക്കു പോകുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. ആദ്യതവണ ലൈറ്റ് ഓഫാക്കാതെ പോയ മോഷ്ടാവ് രണ്ടാം തവണയെത്തി ലൈറ്റ് ഓഫാക്കിയാണ് മടങ്ങിയത്. മുഖംമൂടി ധരിച്ചാണ് മോഷ്ടാക്കൾ അകത്തു കയറിയത്.
വളപട്ടണം മന്നയിലെ അരി മൊത്തവ്യാപാരിയായ ടി.പി. അഷറഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. കുടുംബം വീട് പൂട്ടി തമിഴ്നാട്ടിൽ സുഹൃത്തിന്റെ കല്യാണത്തിനു പോയതായിരുന്നു. തിരിച്ചെത്തി നോക്കിയപ്പോഴാണ് വീടിന്റെ കിടപ്പുമുറിയിലെ ലോക്കറിൽ സൂക്ഷിച്ച ഒരു കോടി രൂപയും 300 പവൻ സ്വർണ- വജ്രാഭരണങ്ങളും മോഷണംപോയ വിവരമറിഞ്ഞത്.