പൂട്ടിക്കിടന്ന വീട്ടിൽ വൻകവർച്ച ; മോഷണംപോയത് മൂന്നുകോടി
Tuesday, November 26, 2024 2:51 AM IST
കണ്ണൂർ: വളപട്ടണം മന്നയിൽ അരിമൊത്ത വ്യാപാരിയുടെ പൂട്ടിയിട്ട വീട്ടിൽനിന്നു മോഷ്ടാക്കൾ കവർന്നത് ഒരുകോടി രൂപയും 300 പവനിലധികം വരുന്ന സ്വർണ-വജ്രാഭരണങ്ങളും.
അരിമൊത്ത വ്യാപാര സ്ഥാപനമായ അഷറഫ് ട്രേഡേഴ്സ് ഉടമ കെ.പി. അഷറഫിന്റെ മന്ന-വളപട്ടണം മെയിൻ റോഡിനോട് ചേർന്ന വീട്ടിലാണു കവർച്ച നടന്നത്. വീടിന്റെ പിന്നിലെ കിടപ്പുമുറിയുടെ ജനലിന്റെ ഗ്രിൽ അടർത്തിയെടുത്താണ് മോഷ്ടാക്കൾ വീടിനകത്തു കടന്നത്.
കിടപ്പുമുറിയിലെ ലോക്കറിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളും പണവുമാണു മോഷണം പോയത്. ഏകദേശം മൂന്നു കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി പോലീസ് പറഞ്ഞു.
20ന് രാത്രി എട്ടിനും 21ന് പുലർച്ചെ നാലിനും ഇടയിലാണ് മോഷണം നടന്നത്. കഴിഞ്ഞ 19ന് രാവിലെ അഷറഫും കുടുംബവും വീടുപൂട്ടി മധുരയിലുള്ള സുഹൃത്തിന്റെ വീട്ടിൽ കല്യാണത്തിന് പോയതായിരുന്നു. ഞായറാഴ്ച രാത്രി 9.15 ഓടെ വീട്ടിൽ തിരിച്ചെത്തി നോക്കിയപ്പോഴാണു മോഷണം നടന്നതായി ശ്രദ്ധയിൽപ്പെട്ടത്.
സെൻട്രൽ ഹാളിന് സമീപത്തെ ലോക്കറും മറ്റും സൂക്ഷിച്ച കിടപ്പുമുറിയുടെ വാതിൽ കുത്തിപ്പൊളിച്ച നിലയിലായിരുന്നു. അകത്തുകയറി നോക്കിയപ്പോഴാണു ലോക്കർ തുറന്ന് കിടക്കുന്നതായും സമീപത്തെ അലമാരയിൽനിന്നു സാധനങ്ങൾ വലിച്ചുവാരി താഴെയിട്ടതായും കണ്ടത്. വീട്ടിലെ എല്ലാ മുറിയിലെയും അലമാരയിലെ സാധനങ്ങൾ വാരി വലിച്ചിട്ട നിലയിലായിരുന്നു.
അലമാര കുത്തിത്തുറന്ന് ലോക്കറിന്റെ താക്കോൽ മോഷ്ടാക്കൾ കൈക്കലാക്കിയാണു മോഷണം നടത്തിയത്. ഉടൻ വളപട്ടണം പോലീസിൽ വിവരമറിയിക്കുകയും സിഐ ടി.പി. സുമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് എത്തി പരിശോധന നടത്തുകയും ചെയ്തു.
കവർന്നത് സ്വർണവും വജ്രാഭരണങ്ങളും
കണ്ണൂർ: അഷറഫിന്റെ ഉമ്മയുടെയും ഭാര്യയുടെയും സഹോദരിയുടെയും മാതൃസഹോദരിയുടെയും മറ്റും സ്വർണാഭരണങ്ങളാണ് മോഷണം പോയത്.
ഉമ്മയുടെ 50 പവൻ തൂക്കം വരുന്ന 33 സ്വർണ വളകളും 46 പവൻ വരുന്ന ആറു സ്വർണമാലകളും ഒരു പവൻ തൂക്കം വരുന്ന ഏഴു ഗോൾഡ് കോയിനുകളും സഹോദരി ഫാത്തിമ അഫ്സയുടെ 100 പവൻ തൂക്കം വരുന്ന ഡയമണ്ട് നെക്ലേസും അഞ്ചു പവൻ വീതം തൂക്കം വരുന്ന മൂന്നു ചെറിയ ഡയമണ്ട് നെക്ലേസുകളും 25 പവൻ തൂക്കം വരുന്ന 10 ഡയമണ്ട് വളകളും അഞ്ചു പവന്റെ ഒരു പേർഷ്യൻ സ്റ്റോൺ മാലയും 42 പവൻ തൂക്കം വരുന്ന 21 സ്വർണ വളകളും ഒരുപവൻ വീതം തൂക്കമുള്ള മൂന്ന് പ്ലാറ്റിനം ചെയിനുകളും 50 പവൻ സ്വർണാഭരണങ്ങളുമാണ് നഷ്ടമായത്.
പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മൂന്നു പേർ മതിൽ ചാടി അകത്ത് കടക്കുന്നതിന്റെ ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
കണ്ണൂർ റൂറൽ എസ്പി അനൂജ് പരിവാളിന്റെ നേതൃത്വത്തിൽ വീടും പരിസരവും പരിശോധന നടത്തി. പോലീസ് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.