വരൂ... അക്ഷരപ്പിറവിയുടെ ചരിത്രമറിയാം
Monday, November 25, 2024 3:50 AM IST
കോട്ടയം: കോട്ടയത്തെ അക്ഷരം മ്യൂസിയം ഒന്നാം ഘട്ട ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞു മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. മന്ത്രി വി. എന്‍. വാസവന് അധ്യക്ഷത വഹിക്കും. മ്യൂസിയം ഉദ്ഘാടനത്തോടൊപ്പം ലെറ്റര്‍ ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ പ്രഖ്യാപനവും മുഖ്യമന്ത്രി നിര്‍വഹിക്കും. സമ്മേളനത്തില്‍ സഹകരണവകുപ്പും സാഹിത്യപ്രവര്‍ത്തക സഹകരണസംഘവും സംയുക്തമായി ഏര്‍പ്പെടുത്തിയ അഞ്ചാമത് അക്ഷരപുരസ്കാരം എം. മുകുന്ദനു മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിക്കും.
ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് എംഎല്‍എ, ജോസ് കെ. മാണി എംപി, ഫ്രാന്‍സീസ് ജോര്‍ജ് എംപി, തിരുവഞ്ചുര്‍ രാധാകൃഷ്ണന് എംഎല്‍എ, ജസ്റ്റീസ് കെ. ടി. തോമസ്, കിഫ്ബി അഡീഷണല്‍ സിഇഒ മിനി ആന്റണി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു, കളക്ടര്‍ ജോണ്‍ സാമുവല്‍, ദീപിക ചീഫ് എഡിറ്റര്‍ റവ. ഡോ. ജോര്‍ജ് കുടിലില്‍, മലയാളമനോരമ ചീഫ് എഡിറ്റര്‍ മാമ്മന്‍ മാത്യു, മാതൃഭൂമി ന്യൂസ് എഡിറ്റര്‍ പി.കെ. ജയചന്ദ്രന്, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, സഹകരണവകുപ്പ് സെക്രട്ടറി ഡോ. വീണ എന്‍. മാധവന്, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ. പി. കെ. ഹരികുമാര്‍, സഹകരണസംഘം രജിസ്ട്രാര്‍, ഡോ. ഡി. സജിത് ബാബു, സാഹിത്യപ്രതിഭകളായ ടി. പദ്മനാഭന്, എം. കെ. സാനു, എന്‍. എസ്. മാധവന്, പ്രഫ. വി. മധുസൂദനന്‍നായര്‍, ഏഴാച്ചേരി രാമചന്ദ്രന്, ചരിത്രകാരനായ ഡോ. എം. ആര്. രാഘവവാരിയര്‍, തോമസ് ജേക്കബ്, മുരുകന് കാട്ടാക്കട, ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്സ്, ഡല്‍ഹി റോക്ക് ആര്‍ട്ട് ഡിവിഷന് മേധാവി ഡോ. റിച്ച നെഗി, നാഷണല്‍ മ്യൂസിയം അസിസ്റ്റന്റ് ക്യൂറേറ്റര്‍ മൗമിത ധര്, ജോസ് പനച്ചിപ്പുറം, യു. കെ. കുമാരന്, എസ്. ഹരീഷ്, സി. പി. അബുബക്കര്‍, പി. കെ. പാറക്കടവ്, ഡോ. എം. സത്യന്, ഫാ. എമില്‍ പുള്ളിക്കാട്ടില്‍, ഫാ. കുര്യന് ചാലങ്ങാടി, എ.വി. റസല്‍, വി. ബി. ബിനു, ബി. ശശികുമാര്‍, പി. ആര്. ഹരിലാല്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ എബി കുന്നേപറമ്പില്, എന്‍. ജി. ദീപമോള്‍, പിവികെ പനയാല്‍ എന്നിവര്‍ പ്രസംഗിക്കും.
നാട്ടകം ഇന്ത്യാ പ്രസ് വളപ്പിൽ അന്തര്‍ദേശീയ നിലവാരത്തില്‍ ആധുനികസാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗിച്ച് 15,000 ചതുരശ്രയടിയിലാണ് ഭാഷ-സാഹിത്യ-സാംസ്കാരിക മ്യൂസിയം പൂര്‍ത്തീകരിച്ചത്. അത്യാധുനിക രീതിയില്‍ സജ്ജീകരിച്ചിരിക്കുന്ന തീയറ്റര്‍, ഹോളോഗ്രാം സംവിധാനവും മ്യൂസിയത്തിലുണ്ട്.
ലെറ്റര്‍ ടൂറിസം സര്‍ക്യൂട്ടില്‍ ദീപികയും
കോട്ടയത്തെ പ്രധാന സാംസ്കാരിക-ചരിത്ര-പൈതൃകകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ലെറ്റര്‍ ടൂറിസം സര്‍ക്യൂട്ടും അക്ഷരം മ്യൂസിയത്തിന്റെ ഭാഗമായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. കോട്ടയത്തെ ചില പ്രധാന സാംസ്കാരിക ചരിത്ര-പൈതൃകകേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയാണ് അക്ഷരം ടൂറിസം സര്‍ക്യൂട്ട് പദ്ധതി നടപ്പാക്കുന്നത്.
അക്ഷരം ടൂറിസം യാത്രയില്‍ ഇന്ത്യയിലെ ആദ്യത്തെ കോളജായ സിഎംഎസ് കോളജ്, കേരളത്തില്‍ മലയാളം അച്ചടി ആരംഭിച്ച കോട്ടയം സിഎംഎസ് പ്രസ്, ആദ്യപത്രസ്ഥാപനമായ ദീപിക ദിനപത്രം, പഹ്ലവി ഭാഷയിലുളള ലിഖിതം കൊത്തിവച്ച പഹ്ലവി കുരിശുള്ള കോട്ടയം വലിയപള്ളി, താളിയോലകളും ഗ്രന്ഥങ്ങളും സൂക്ഷിച്ചിരിക്കുന്ന കുമാരനല്ലൂര്‍ ദേവീക്ഷേത്രം, ചരിത്ര-സാംസ്കാരിക പ്രാധാന്യം വിളിച്ചോതുന്ന വിവിധ രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന ദേവലോകം അരമന, മനോഹരമായ മ്യൂറല്‍ പെയിന്റിംഗുകളുള്ള ചെറിയപള്ളി, തിരുനക്കരക്ഷേത്രം, പനച്ചിക്കാട് ദേവീക്ഷേത്രം, കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരകം, താഴത്തങ്ങാടി ജുമാമസ്ജിദ്, കേരളത്തിലെ ആദ്യകാല പ്രസുകളിലൊന്നായ മാന്നാനം സെന്റ് ജോസഫ് പ്രസ് എന്നിവയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.