ഡെങ്കിപ്പനി ബാധിച്ച വിദേശി ഹോംസ്റ്റേയിൽ മരിച്ചനിലയിൽ
Monday, November 25, 2024 4:08 AM IST
മട്ടാഞ്ചേരി: ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയ വിദേശിയെ ഹോംസ്റ്റേയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഫോർട്ട്കൊച്ചിയിൽ വിനോദസഞ്ചാരത്തിനെത്തിയ അയർലൻഡ് സ്വദേശി റയ്സാദ് ഹോളോവെൻകോ (75) ആണു മരിച്ചത്. ഫോർട്ട്കൊച്ചി ഞാലിപ്പറമ്പിലെ ചെറീസ് ഹോംസ്റ്റേയിലാണ് ഇന്നലെ രാവിലെ ഇദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടത്. ഹോംസ്റ്റേ ഉടമ റോയി ഡാനിയേൽ ചായ നൽകാനെത്തി വിളിച്ചപ്പോൾ വാതിൽ തുറന്നില്ല. ബലമായി തുറന്നു നോക്കിയപ്പോൾ മരിച്ചനിലയിൽ കണ്ടെത്തുകയാ യിരുന്നു.
കഴിഞ്ഞ 15 നാണ് റയ്സാദ് ഗോവയിൽനിന്നു കൊച്ചിയിലെത്തിയത്. പനി ബാധിച്ച് വെള്ളിയാഴ്ച ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. ഡെങ്കി പോസിറ്റീവാണെന്നു കണ്ടെത്തി. ബ്ലഡ് കൗണ്ടിൽ കാര്യമായ കുറവില്ലാത്തതിനാൽ ഹോംസ്റ്റേയിൽതന്നെ വിശ്രമിച്ചോളാമെന്ന് റയ്സാദ് ആശുപത്രി അധികൃതരോടു പറഞ്ഞു.
ഫോർട്ട്കൊച്ചി പോലീസും കൗൺസിലർ ആന്റണി കുരീത്തറയും സ്ഥലത്തെത്തി. മേൽനടപടികൾക്കുശേഷം മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്കു മാറ്റി. മകൻ മാർക്കിനെ വിവരമറിയിച്ചിട്ടുണ്ട്. ഇന്നു ദോഹ വഴി നാട്ടിലേക്കു മടങ്ങാനിരിക്കെയായിരുന്നു മരണം.