ജിസ്മോന് സണ്ണി ലോഗോസ് പ്രതിഭ
Tuesday, November 26, 2024 2:51 AM IST
കൊച്ചി: കെസിബിസി ബൈബിൾ സൊസൈറ്റി നടത്തിയ 24-ാമത് അഖിലേന്ത്യ ലോഗോസ് ക്വിസ് ഗ്രാന്‍ഡ് ഫിനാലെയില്‍ കോതമംഗലം രൂപതയില്‍നിന്നുള്ള ജിസ്മോന് സണ്ണി ലോഗോസ് പ്രതിഭയായി. ലോകത്തിലെ ഏറ്റവും വലിയ ക്വിസ് പ്രോഗ്രാമെന്നറിയപ്പെടുന്ന ലോഗോസിൽ നാലര ലക്ഷത്തോളം പേരാണ് ഇക്കുറി പങ്കെടുത്തത്.
പതിനൊന്നുകാരനായ ജിസ്മോന്, കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്.
അതിരൂപതതല മത്സരങ്ങൾക്കുശേഷം 600 പേരെയാണ് രണ്ടാം റൗണ്ടിലേക്കു തെരഞ്ഞെടുത്തത്. ഇതിൽനിന്ന് ആറു പ്രായവിഭാഗങ്ങളിലെ ജേതാക്കൾ മാറ്റുരച്ച ഗ്രാൻഡ് ഫിനാലെ റൗണ്ടിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയാണു ജിസ്മോൻ ലോഗോസ് പ്രതിഭയായത്.
സ്വര്‍ണമെഡലും 65,000 രൂപ കാഷ് അവാര്‍ഡും ട്രോഫിയുമാണ് ലോഗോസ് പ്രതിഭയ്ക്കു ലഭിച്ചത്. ലോഗോസിൽ എ വിഭാഗത്തിലെ ജേതാവായാണു ജിസ്മോൻ ഗ്രാൻഡ് ഫിനാലെയിലെത്തിയത്.
മറ്റു പ്രായവിഭാഗങ്ങളിലെ സംസ്ഥാനതല വിജയികളും രൂപതയും: ബി - ലിയ ട്രീസാ സുനില്‍ (താമരശേരി), സി- ലിസ് മരിയ തോമസ് (പാലാ), ഡി - ഷിബു തോമസ് (മൂവാറ്റുപുഴ), ഇ- ബീന ഡേവിസ് (ഇരിങ്ങാലക്കുട) എഫ് - ആനി ജോര്‍ജ് (തൃശൂര്‍). വിവിധ പ്രായവിഭാഗങ്ങളിലെ വിജയികള്‍ക്ക് സ്വര്‍ണമെഡലും കാഷ് അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും ലഭിച്ചു.
ലോഗോസ് ബൈബിൾ ക്വിസിൽ ഏറ്റവും കൂടുതല്‍ അംഗങ്ങളെ പങ്കെടുപ്പിച്ച ആദ്യ മൂന്നു സ്ഥാനക്കാർക്കുള്ള അവാര്‍ഡുകള്‍ എറണാകുളം - അങ്കമാലി, തൃശൂര്‍, പാലാ രൂപതകൾ നേടി. ഏറ്റവും കൂടുതല്‍ മത്സരാർഥികളെ പങ്കെടുപ്പിച്ച ഇടവകകള്‍ക്കുള്ള പുരസ്കാരം ഓച്ചന്തുരുത്ത്, കുറവിലങ്ങാട്, അങ്കമാലി എന്നിവയ്ക്കാണ്.
മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ ഭാഷകളില്‍ നടന്ന ലോഗോസ് ബൈബിൾ ക്വിസിൽ കേരളത്തിനകത്തുനിന്നും പുറത്തുനിന്നും മത്സരാർഥികൾ ഉണ്ടായിരുന്നു. സമാപന സമ്മേളനത്തില്‍ കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി ചെയര്മാന് ബിഷപ് ഡോ. ജെയിംസ് ആനാപറമ്പില്‍ വിജയികള്‍ക്കു പുരസ്കാരങ്ങൾ നൽകി.
ബൈബിള്‍ സൊസൈറ്റി സെക്രട്ടറി റവ. ഡോ. ജോജു കോക്കാട്ട്, ജോയ് പാലയ്ക്കല്‍, വൈസ് ചെയര്മാന് ആന്റണി പാലിമറ്റം, ജോയിന്റ് സെക്രട്ടറി ജോസഫ് പന്തപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭിന്നശേഷി വിഭാഗത്തിൽ ജാസ്മിന് ജോസ് ഒന്നാമത്
ലോഗോസ് ബൈബിൾ ക്വിസിൽ ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാനതല ഫൈനലില്‍ തൃശൂര്‍ അതിരൂപതയിലെ ജാസ്മിന് ജോസ് ഒന്നാം സ്ഥാനം നേടി. കുടുംബങ്ങള്‍ക്കായുള്ള ലോഗോസ് ഫമിലിയ ക്വിസില്‍ ഇരിങ്ങാലക്കുട രൂപതയിലെ സിനി ജോണ്‍, ഗോഡ്സണ്‍ ബേബി, സാറ ബേബി എന്നിവരുടെ കുടുംബത്തിനാണ് ഒന്നാം സ്ഥാനം.