സജിക്കു ചുവപ്പുകൊടി; ഭരണഘടനാവിരുദ്ധ പ്രസംഗത്തില്‍ ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തണം: ഹൈക്കോടതി
Friday, November 22, 2024 2:48 AM IST
കൊച്ചി: മന്ത്രി സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധ പ്രസംഗത്തില്‍ ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. 2022 ജൂലൈയില്‍ മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തില്‍ ഭരണഘടനയെ അവഹേളിച്ചെന്ന പരാതികളിലാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്.
വിവാദപ്രസംഗത്തെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് ഹര്ജിക്കാരന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അതിനുള്ള സാഹചര്യമില്ലെന്നു കോടതി വ്യക്തമാക്കി. മന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്കിയ പോലീസ് അന്വേഷണറിപ്പോര്‍ട്ട് ഹൈക്കോടതി തള്ളുകയും ചെയ്തു.
പോലീസിന്റെ അന്തിമ റിപ്പോര്‍ട്ട് അംഗീകരിച്ച് തുടരന്വേഷണ ആവശ്യം നിരാകരിച്ച തിരുവല്ല ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കി. അഭിഭാഷകനായ എം. ബൈജു നോയല്‍ സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
പോലീസിന് വിമർശനം
നാഷണല്‍ ഓണര്‍ ആക്ട് പ്രകാരമാണു മന്ത്രിക്കെതിരേ കീഴ്വായ്പുര് പോലീസ് കേസെടുത്തത്. തൊഴിലാളിവര്‍ഗ ചൂഷണത്തെക്കുറിച്ചാണു മന്ത്രി പ്രസംഗിച്ചതെന്നും ഭരണഘടനയെ അവഹേളിക്കാന്‍ ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നുമാണ് പോലീസ് കണ്ടെത്തൽ. മജിസ്ട്രേറ്റ് കോടതി ഈ റിപ്പോര്‍ട്ട് സ്വീകരിക്കുകയും ചെയ്തു.
എന്നാല്‍ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കാഴ്ചപ്പാടുകള്‍ക്കനുസരിച്ചല്ല, നിയമപരമായാണ് അന്വേഷണ ഉദ്യോഗസ്ഥന് നീങ്ങേണ്ടിയിരുന്നത്. പ്രസംഗത്തിന്റെ സിഡിയും പെന്‍ഡ്രൈവും ഫോറന്‍സിക് പരിശോധനയ്ക്കയച്ചെങ്കിലും റിപ്പോര്‍ട്ട് വരുന്നതിനുമുമ്പേ അന്വേഷണം പൂര്‍ത്തിയാക്കി.
പ്രസംഗം പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ മൊഴിയെടുത്തില്ല. സദസിലുണ്ടായിരുന്ന 39 പാര്‍ട്ടി പ്രവര്‍ത്തകരുടെ മൊഴി വിശ്വാസത്തിലെടുത്താണ് മന്ത്രിക്കു ക്ലീന്‍ചിറ്റ് നല്‍കിയത്. ഇക്കാര്യമൊന്നും വിലയിരുത്താതെ റിപ്പോര്‍ട്ട് അംഗീകരിച്ച മജിസ്ട്രേറ്റ് കോടതിക്കും പിഴവ് പറ്റിയെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിന് പോലീസ് മേധാവി ഉടന്‍ ഉത്തരവിടണം. നിഷ്പക്ഷനായ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം. അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
മന്ത്രി സജിയെ കുരുക്കിലാക്കിയ വിവാദ പരാമർശങ്ങൾ
“ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതി വച്ചിരിക്കുന്നത്. ബ്രീട്ടീഷുകാരൻ പറഞ്ഞു തയാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാർ എഴുതിവച്ചു.
അത് ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാൾ പ്രസംഗിച്ചാലും ഞാൻ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്നു ഞാൻ പറയും.
അതിൽ കുറച്ചു ഗുണങ്ങൾ ഇട്ടിട്ടുണ്ട്. മതേതരത്വം, ജനാധിപത്യം, കുന്തം, കുടച്ചക്രം എന്നൊക്കെ സൈഡിൽ എഴുതിയിട്ടുണ്ട്. പക്ഷേ കൃത്യമായി കൊള്ളയടിക്കാൻ പറ്റുന്ന ഭരണഘടനയാണിത്.”