വിധിയെഴുതി പാലക്കാട്; 70.51% പോളിംഗ്
Thursday, November 21, 2024 2:32 AM IST
പാലക്കാട്: ഏറെ വിവാദങ്ങൾക്കും ട്വിസ്റ്റുകൾക്കും തിരികൊളുത്തിയ ഉപതെരഞ്ഞെടുപ്പിൽ വിധിയെഴുതി പാലക്കാട് മണ്ഡലം. അവസാന റിപ്പോർട്ടുകൾ പ്രകാരം 70.51 ശതമാനമാണ് പോളിംഗ്. ആകെ 1,94,706 വോട്ടര്‍മാരില്‍ 1,37,302 പേര് വോട്ട് രേഖപ്പെടുത്തി. 66,596 പുരുഷന്മാരും (70.53%) 70,702 സ്ത്രീകളും (70.49%) നാലു ട്രാന്‍സ്ജെന്‍ഡേഴ്സുമാണ് (100%) സമ്മതിദാനാവകാശം വിനിയോഗിച്ചത്.
പൊതുവേ സമാധാനപരമായിരുന്നു മണ്ഡലത്തിലെ പോളിംഗ്. വെണ്ണക്കര ബൂത്തിലുണ്ടായ നേരിയ സംഘർഷവും ഇരട്ടവോട്ടു വിവാദത്തെതുടർന്നു ബിജെപി ജില്ലാ പ്രസിഡന്റ് വോട്ട് ചെയ്യാനെത്താത്തതുമെല്ലാം വോട്ടെടുപ്പുദിനത്തിൽ ശ്രദ്ധിക്കപ്പെട്ടു.
പലയിടത്തും വൈകുന്നേരം ആറിനുശേഷവും വോട്ടെടുപ്പ് തുടർന്നു. നിശ്ചിത സമയത്തിനു മുന്പെത്തിയവർക്കു ടോക്കൺ നൽകി സമ്മതിദാനാവകാശം വിനിയോഗിക്കാൻ ഉദ്യോഗസ്ഥർ അവസരം നൽകി.
ഷാഫി പറമ്പിൽ വടകര എംപിയായതിനെത്തുടർന്നുണ്ടായ ഒഴിവ് നികത്താനുള്ള തെരഞ്ഞെടുപ്പിൽ യുഡിഎഫിനായി രാഹുൽ മാങ്കൂട്ടത്തിൽ, എൽഡിഎഫിനായി പി. സരിൻ, എൻഡിഎ സ്ഥാനാർഥിയായി സി. കൃഷ്ണകുമാർ തുടങ്ങി പത്തു സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.
ഉച്ചവരെ മന്ദഗതിയിലായിരുന്ന പോളിംഗ് ബൂത്തുകൾ വൈകുന്നേരമായതോടെ സജീവമാവുകയായിരുന്നു. രാവിലെ ആറിനുതന്നെ പോളിംഗ് ബൂത്തുകളിലേക്കു വോട്ടർമാർ എത്തിയിരുന്നു.
രാവിലെ പല സ്ഥലത്തും മെഷീനുകള്‍ തകരാറിലായതിനാല്‍ വോട്ടിംഗ് വൈകി. ഇതോടെ വോട്ടിംഗ് മനഃപൂർവം വൈകിക്കുകയാണെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയിരുന്നു.
വോട്ടിംഗ് മെഷീനിലെ തകരാറുമൂലം പാലക്കാട് നഗരസഭ മൂത്താന്തറ കർണകിയമ്മൻ സ്കൂളിലെ പോളിംഗ് മണിക്കൂറുകൾ തടസപ്പെട്ടു.
മൂന്നുമണിക്കൂറോളം പോളിംഗ് നടന്നില്ലെന്നും ഗർഭിണികൾ ഉൾപ്പെടെ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടിവന്നെന്നും വോട്ടർമാർ പറഞ്ഞു.
പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലത്തിലെ വിധി മൂന്നു മുന്നണികൾക്കും നിര്‍ണായകമാണ്. കണക്കുകൂട്ടലുകളും അവകാശവാദങ്ങളും പ്രതീക്ഷകളുമായി മൂന്നു മുന്നണിനേതൃത്വങ്ങളും രംഗത്തുണ്ട്.