കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന് 5.5 കോടിയുടെ ഉപകരണങ്ങൾ
Friday, November 22, 2024 2:48 AM IST
കൊച്ചി: അർബുദരോഗ മേഖലയിലെ തുടർപഠനങ്ങൾക്കായി കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ (സിസിആർസി), രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (ആർജിസിബി)യുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. ധാരണാപത്ര പ്രകാരം 5.5 കോടി രൂപയുടെ ഉപകരണങ്ങൾ ആർജിസിബി സിസിആർസിക്ക് കൈമാറും.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന യോഗത്തിലാണ് സിസിആർസി ഡയറക്ടർ ഡോ. പി.ജി. ബാലഗോപാലും ആർജിബിസി ഡയറക്ടർ ഡോ. ചന്ദ്രഭാസ് നാരായണനും ധാരണാപത്രത്തിൽ ഒപ്പുവച്ചത്. ആരോഗ്യമന്ത്രി വീണാ ജോർജ്, വ്യവസായ മന്ത്രി പി. രാജീവ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
സിസിആർസിയിൽ കാൻസർ പഠനങ്ങൾക്കായി അത്യാധുനിക സൗകര്യം സ്ഥാപിക്കുകയെന്നതാണു ലക്ഷ്യം. ശ്വാസകോശ കാൻസർ, വായിലെ കാൻസർ, സ്തനാർബുദം എന്നിവയിൽ പ്രാഥമിക ശ്രദ്ധ കേന്ദ്രീകരിച്ച് കാൻസർ ചികിത്സയുടെ വികസനത്തിന് ഉതകുന്ന പദ്ധതികൾ ആവിഷ്കരിക്കും.
ജനിതക കാരണങ്ങൾ, സൂക്ഷ്മാണു വ്യവസ്ഥ എന്നിവ സംബന്ധിച്ചാകും ഗവേഷണങ്ങൾ. കാൻസർ ചികിത്സയുടെ പുരോഗതിക്കാവശ്യമായ കണ്ടുപിടിത്തങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനാണു പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.