മത്സ്യമേഖലയുമായി ബന്ധപ്പെട്ടവരുടെ എന്‍എഫ്ഡിപി രജിസ്ട്രേഷന് പുരോഗമിക്കുന്നു
Thursday, November 21, 2024 1:52 AM IST
കോട്ടയം: മത്സ്യമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ നാഷണല്‍ ഫിഷറീസ് ഡിജിറ്റല്‍ പ്ലാറ്റ്ഫോം (എന്‍എഫ്ഡിപി) രജിസ്ട്രേഷനില്‍ കേരളം മുന്നില്‍.
ദേശീയതലത്തില്‍ അസംഘടിതമായ മത്സ്യ മേഖലയില്‍ വിവിധ ജോലികള്‍ ചെയ്യുന്നവരുടെ വിവരശേഖരണമാണ് എന്‍എഫ്ഡിപി രജിസ്ട്രേഷനിലുടെ നടപ്പാക്കുന്നത്. രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ മത്സ്യമന്ത്രാലയത്തില്നിന്നുള്ള എല്ലാ പദ്ധതികളും ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെയാണ് നടപ്പാക്കുക.
ഈ മേഖലയുമായി ബന്ധപ്പെട്ടു നിരവധി പരാതികള്‍ ഉയര്‍ന്നുവന്നിരുന്നു. മത്സ്യമന്ത്രാലയം സബ്സിഡിയിനത്തില്‍ നല്കുന്ന ഫണ്ടുകള്‍ സംസ്ഥാനം വകമാറ്റി ചെലവഴിക്കുന്നതുള്പ്പെടെയുള്ള പരാതികള്‍ വ്യാപകമായിരുന്നു. ഇനിയുള്ള പദ്ധതികള്‍ക്കു സംസ്ഥാന വിഹിതം ലഭിക്കില്ല.
പദ്ധതി നടപ്പാകുന്നതോടെ ഫണ്ടുകള്‍ നേരിട്ടു ഇടനിലക്കാരില്ലാതെ ബന്ധപ്പെട്ടവരില്ലെത്തും.ആദ്യഘട്ടത്തില്‍ ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, അഡ്രസ്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ നല്കി പോര്‍ട്ടലിലൂടെ വിവരങ്ങള്‍ നല്കിക്കഴിയുമ്പോള് താത്കാലിക രജിസ്ട്രേഷന് ലഭിക്കും. പിന്നീട് ഈ വിവരങ്ങള്‍ ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റിലെ ഫീല്‍ഡ് ഓഫീസര്‍മാര്‍ പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം ജില്ലാ നോഡല്‍ ഓഫീസര്‍ രജിസ്ട്രേഷനു അനുമതി നല്‍കുന്നതോടെയാണ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്.
മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യകര്‍ഷകര്‍ക്കും മാത്രമേ വ്യക്തിഗത രജിസ്ട്രേഷന് നടത്താനാകൂ. മറ്റുള്ളവര്‍ക്കു കമ്പനിയായിട്ടുള്ള രജിസ്ട്രേഷനേ സാധിക്കൂ. രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ വ്യക്തികള്‍, കമ്പനികള്‍ എന്നിവയുടെ ബാങ്ക് അക്കൗണ്ടില്‍ ഇന്‍സെന്റീവ് ലഭിക്കും. സ്വന്തമായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 100 രൂപയും സിഎസ്സി വഴി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 80 രൂപയുമാണ് ഇന്‍സെന്റീവായി ലഭിക്കുന്നത്.
ഒരു മാസം മുമ്പാണ് രജിസ്ട്രേഷന് നടപടികള്‍ ആരംഭിച്ചത്. ഒരുവര്‍ഷത്തിനുള്ളില്‍ രാജ്യത്തെ മുഴുവന്‍ പേരുടെയും രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതുവരെ രാജ്യത്താകെ 8.6 ലക്ഷം പേരാണ് എന്എഫ്ഡിപിയില് രജിസ്റ്റര്‍ ചെയ്തത്. കേരളമാണ് രജിസ്ട്രേഷനില്‍ മുന്നില്‍. 1.56 ലക്ഷം പേര് രജിസ്റ്റര്‍ ചെയ്തു.
ആലപ്പുഴയില്‍നിന്ന് 52, 575 പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാജ്യത്ത് മൂന്നു കോടിയില്‍പ്പരം ആളുകള്‍ മത്സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് 10.5 ലക്ഷം പേര് മത്സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നു.