വരുന്നൂ; 151 സ്വകാര്യ ട്രെയിനുകൾ!
Thursday, November 21, 2024 2:32 AM IST
എസ്.ആർ. സുധീർകുമാർ
കൊല്ലം: രാജ്യത്ത് വരുന്ന മൂന്ന് വർഷത്തിനുള്ളിൽ 151 സ്വകാര്യ ട്രെയിനുകൾകൂടി അവതരിപ്പിക്കാൻ റെയിൽവേ ബോർഡ് പദ്ധതി തയാറാക്കി. 2027ൽ ഈ ട്രെയിനുകൾ വിവിധ റൂട്ടുകളിലായി ട്രാക്കിലിറക്കാനാണ് അധികൃതരുടെ തീരുമാനം.
ടാറ്റ ഗ്രൂപ്പ്, അദാനി ഗ്രൂപ്പ്, ആർകെ ഗ്രൂപ്പ് തുടങ്ങിയവർക്കായിരിക്കും ട്രെയിൻ സർവീസുകളുടെ നടത്തിപ്പ് ചുമതല. ഇവർ ഇക്കാര്യത്തിലുള്ള താത്പര്യം റെയിൽവേയെ അറിയിച്ചുകഴിഞ്ഞു.
കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക,ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുക, യാത്രക്കാർക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളാണ് സ്വകാര്യവത്കരണം വഴി റെയിൽവേ ലക്ഷ്യമിടുന്നത്.
രാജ്യത്ത് നിലവിൽ ‘തേജസ് എക്സ്പ്രസ്’ എന്ന സ്വകാര്യ ട്രെയിൻ സർവീസുകൾ നടത്തുന്നുണ്ട്. 2019 ഒക്ടോബർ നാലിന് ലക്നൗവിനും ഡൽഹിക്കും മധ്യേയാണ് ഈ ട്രെയിൻ ആദ്യമായി ആരംഭിച്ചത്.
റെയിൽവേയുടെ അനുബന്ധ സ്ഥാപനമായ ഐആർസിടിസിക്കാണ് ( ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ) ഇതിന്റെ നിയന്ത്രണചുമതല. രാജ്യത്ത് നാല് തേജസ് എക്സ്പ്രസുകൾ ഇപ്പോൾ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്.
ആഴ്ചയിൽ മൂന്ന് തവണ വീതമാണ് നിലവിലെ സർവീസ്. സ്വകാര്യ എയർലൈനുകളുടെ മാതൃകയിലുള്ള എല്ലാ സൗകര്യങ്ങളും ഇവയിലുണ്ട്. റെയിൽ ഹോസ്റ്റസിന്റെ സേവനവും ലഭ്യമാണ്.
കാപ്പി, ചായ വെന്റിംഗ് മെഷീൻ അടക്കം ഓൺ ബോർഡ് കാറ്ററിംഗ്, പ്രാദേശിക ഭാഷകളിലടക്കം സിനിമകൾ കാണുന്നതിനുള്ള എൽസിഡി, വൈ-ഫൈ സംവിധാനങ്ങൾ എല്ലാ കോച്ചുകളിലും ലഭ്യമാണ്.
തേജസ് എക്സ്പ്രസുകളിൽ നിലവിൽ 14 കോച്ചുകളാണുള്ളത്. 12 ചെയർ കാറുകൾ, ഒരു എക്സിക്യൂട്ടീവ് ക്ലാസ്, ഒരു പവർ കാർ എന്നിങ്ങനെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ചെയർ കാറുകളിൽ ഒന്നിൽ 78 സീറ്റുകളുണ്ട്. 12 കോച്ചുകളിലായി ആകെ 936 സീറ്റുകൾ.
എക്സിക്യൂട്ടീവ് ക്ലാസിൽ 56 സീറ്റുകളാണുള്ളത്. ജനറേറ്ററുകൾ, ബാറ്ററികൾ, ഇലക്ട്രിക്കൽ സംവിധാനങ്ങൾ അടക്കം സജ്ജീകരിച്ചിട്ടുള്ളതാണ് പവർ കാർ കോച്ച്. ചില പ്രത്യേക അവസരങ്ങളിൽ കോച്ചുകളുടെ എണ്ണത്തിൽ റെയിൽവേ വ്യത്യാസം വരുത്താറുമുണ്ട്.
പുതിയ 151 സ്വകാര്യ ട്രെയിനുകൾകൂടി വരുന്നതോടെ മത്സരാടിസ്ഥാനത്തിൽ കൂടുതൽ സൗകര്യങ്ങൾ യാത്രക്കാർക്ക് ലഭിക്കുമെന്നാണ് റെയിൽവേ അധികൃതരുടെ പ്രതീക്ഷ.