ഡോ. അംബേദ്കറുടെ വാക്കുകൾ ഉദ്ധരിച്ച് കോടതി
Friday, November 22, 2024 2:48 AM IST
കൊച്ചി: മന്ത്രി സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധ പ്രസംഗത്തില്‍ അന്വേഷണം നടത്തണമെന്ന ഉത്തരവില്‍ ഭരണഘടനാശില്പിയുടെ വാക്കുകളും ഉദ്ധരിച്ച് ഹൈക്കോടതി.
‘ഇന്ത്യന്‍ ഭരണഘടന കേവലം നിയമജ്ഞര്‍ക്കുള്ള രേഖയല്ല. ജീവന്റെ വാഹനവും കാലത്തിന്റെ ആത്മാവുമാണ്...’എന്നുതുടങ്ങുന്ന അംബേദ്കര്‍ വചനങ്ങളാണ് ഉത്തരവില്‍ ഉള്‍പ്പെടുത്തിയത്.
ഭരണഘടനയെയും ദേശീയപതാകയെയും അവഹേളിക്കുന്നത് മൂന്നു വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. എന്നാല്‍, ഭരണഘടന വിമര്‍ശനത്തിന് അതീതമല്ലെന്ന് കോടതി പറഞ്ഞു. വ്യവസ്ഥകളില്‍ എന്തെങ്കിലും ഭേദഗതിയോ മാറ്റങ്ങളോ ലക്ഷ്യമിട്ടുള്ള ക്രിയാത്മക വിമര്‍ശനങ്ങള്‍ കുറ്റമല്ലെന്ന് നിയമത്തില്‍ പറയുന്നുണ്ട്.
എന്നാല്‍ മന്ത്രി പങ്കെടുത്ത യോഗം ഇത്തരം ലക്ഷ്യത്തോടെയായിരുന്നില്ല. പരാമര്‍ശങ്ങള്‍ സാന്ദര്ഭികമാണെന്നാണ് പ്രോസിക്യൂഷന് വാദിക്കുന്നത്. സന്ദര്‍ഭവും സാഹചര്യവും വിലയിരുത്തുന്നതിന് വീഡിയോ, ഓഡിയോ ക്ലിപ്പുകളും അതിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ടും പരിശോധിക്കേണ്ടത് അനിവാര്യമായിരുന്നു. ഇതൊന്നുമില്ലാതെ പോലീസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമല്ലന്നും കോടതി പറഞ്ഞു.