ഭിന്നിപ്പിച്ച് ബിജെപിയെ ജയിപ്പിക്കാന്‍ സിപിഎം ശ്രമം: പി.കെ. കുഞ്ഞാലിക്കുട്ടി
Thursday, November 21, 2024 2:32 AM IST
മലപ്പുറം: ജനങ്ങളെ ഭിന്നിപ്പിക്കാനും അതുവഴി ബിജെപിയെ ജയിപ്പിക്കാനുമാണ് സിപിഎം പാലക്കാട്ട് ശ്രമിക്കുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. സര്‍ക്കാരിന്റെ നേട്ടമോ ജനങ്ങളുടെ കാര്യങ്ങളോ ഒന്നുംതന്നെ പറഞ്ഞിട്ടില്ല. പാലക്കാട്ടെ സിപിഎം പത്രപ്പരസ്യം ബിജെപിയെ ജയിപ്പിക്കാനാണ്.
സന്ദീപ് വാര്യര്‍ക്കെതിരേ പത്രത്തില്‍ കൊടുത്തത് വര്‍ഗീയ പരസ്യമാണ്. ന്യൂനപക്ഷങ്ങള്‍ നടത്തുന്ന പത്രങ്ങളില്‍ മാത്രമാണു പരസ്യം നല്‍കിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബിജെപിയെ ജയിപ്പിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്നു നോക്കിനില്‍ക്കുകയാണ് സിപിഎം.
മണ്ഡലത്തില്‍ മൂന്നാംസ്ഥാനത്തുള്ള ഇടതുപക്ഷമാണ് ബിജെപി വിട്ട് ഒരാള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിനു നിലവിളി കൂട്ടുന്നത്. ഇതെല്ലാം തെളിയിക്കുന്നത് എന്തെന്നാല്‍ ഇവരെല്ലാം ബിജെപിക്കുവേണ്ടിയാണു സംസാരിക്കുന്നത് എന്നാണ്.
സാമുദായിക ഐക്യം തകര്‍ക്കുന്നതാണു സിപിഎം നല്കിയ പരസ്യം. ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിനു നഷ്ടപ്പെട്ടാല്‍ ബിജെപി ജയിച്ചുകൊള്ളും എന്നാണ് സിപിഎം കണക്കുകൂട്ടുന്നത്.
ന്യൂനപക്ഷ മാനേജ്മെന്റിനു കീഴിലുള്ള പത്രങ്ങളില്‍ വര്ഗീയപരസ്യം നല്‍കിയത് വിഭജനം ഉണ്ടാക്കാനാണ്. ന്യൂനപക്ഷ വോട്ട് ചിന്നിച്ചിതറിയാല്‍ ഗുണം ബിജെപിക്ക് ആകുമെന്ന് അറിയാത്തവരല്ലല്ലോ സിപിഎം- കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തുതന്നെ മതേതരത്വത്തിനും സാഹോദര്യത്തിനും ഏറെ സംഭാവനകള്‍ ചെയ്ത കുടുംബമാണ് പാണക്കാട്. ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞ മുനമ്പം വിഷയത്തില്‍ വരെ ആശാവഹമായി ഇടപ്പെട്ട പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരേ മുഖ്യമന്ത്രിയുടെ പ്രസ്താവന ദുരുദ്ദേശ്യപരമാണ്.
പാണക്കാട് തങ്ങള്മാര് നാടിനു മതസൗഹാര്‍ദം മാത്രം നല്കിയവരാണ്. സാമുദായിക ധ്രുവീകരണത്തിനു നീക്കം നടക്കുമ്പോള്‍ എന്തു വിമര്‍ശനം ഉണ്ടായാലും സാദിഖലി ശിഹാബ് തങ്ങള്‍ ശക്തമായി മുന്നോട്ടു പോകും. മുനമ്പം ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കു തെരഞ്ഞെടുപ്പുമായി ബന്ധമില്ല. സര്‍ക്കാര്‍ ഉത്തരവ് ആവശ്യമുണ്ട്.
അതുണ്ടായാല്‍ ഒറ്റദിവസം കൊണ്ട് വിഷയം പരിഹരിക്കാവുന്നതേയുള്ളൂ. സര്‍ക്കാര്‍ പരാജയപ്പെട്ട മുനമ്പം വിഷയത്തില്‍ സാദിഖലി തങ്ങളും മുസ്ലിം ലീഗും ഇടപെട്ടത് ചര്ച്ചയാകാതിരിക്കാന്കൂടിയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ആരെയാണ് കാലാകാലം പിന്തുണച്ചിരുന്നത്? ഒരു സ്റ്റേജില്‍ ഒരുമിച്ചിരുന്ന് പ്രസംഗിച്ചില്ലേ? ഒരുമിച്ച് തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചില്ലേ? ഇത്തരം നീചപ്രവൃത്തികള്ക്കെതിരേ മതേതര ചേരി പാലക്കാട് തെരഞ്ഞെടുപ്പില്‍ പ്രതികരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.