നടൻ മേഘനാദൻ അന്തരിച്ചു
Friday, November 22, 2024 2:48 AM IST
ഷൊർണൂർ: പ്രമുഖ ചലച്ചിത്രനടനും ഭരത് ബാലൻ കെ. നായരുടെ മകനുമായ മേഘനാദൻ (60) അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടർന്ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മൃതദേഹം ഇന്നലെ വൈകുന്നേരം 3.30ന് വീട്ടുവളപ്പിൽ സംസ്കരിച്ചു. തറവാട്ടുവീട്ടിൽ പിതാവ് ബാലൻ കെ. നായരുടെ സ്മൃതികുടീരത്തിനു സമീപത്താണ് മേഘനാദനും അന്ത്യവിശ്രമമൊരുക്കിയത്. മകൾ പാർവതി സംസ്കാരചടങ്ങുകൾ നിർവഹിച്ചു.
ഷൊർണൂരിലെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ അന്തിമോപചാരമർപ്പിക്കാൻ സിനിമാ, സാംസ്കാരിക മേഖലകളിലെ പ്രമുഖർ എത്തിയിരുന്നു. മുൻ മന്ത്രി എ.കെ. ബാലൻ, എംഎൽഎമാരായ പി. മമ്മിക്കുട്ടി, മുഹമ്മദ് മുഹ്സിൻ, സിനിമാതാരങ്ങളായ സിജു വിൽസൺ, കോട്ടയം നസീർ, സീമ ജി. നായർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
അന്‍പതിലേറെ സിനിമകളിലും നിരവധി ടെലിവിഷൻ പരമ്പരകളിലും മേഘനാദൻ അഭിനയിച്ചു. ആദ്യകാലത്തു വില്ലൻവേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്ന മേഘനാദൻ പിൽക്കാലത്തു കാരക്ടർ വേഷങ്ങളിലേക്കു തിരിഞ്ഞിരുന്നു.
പഞ്ചാഗ്നി, ഉയരങ്ങളിൽ, ചമയം, രാജധാനി, ഭൂമിഗീതം, ചെങ്കോൽ, മലപ്പുറം ഹാജി മഹാനായ ജോജി, പ്രായിക്കര പാപ്പാൻ, ഉദ്യാനപാലകന്‍, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്. 2022ൽ റിലീസ് ചെയ്ത കൂമനാണ് അവസാന ചിത്രം. ശാരദ നായരാണ് അമ്മ. ഭാര്യ: സുസ്മിത. മകൾ: പാർവതി.