വന്യജീവി ആക്രമണം; പരിഹാരത്തിന് സമഗ്ര കര്‍മപദ്ധതി
Friday, November 22, 2024 2:48 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ വന്യജീവി ആക്രമണം പരിഹരിക്കാന്‍ സമഗ്ര കര്‍മപദ്ധതിയുമായി വനംവകുപ്പ്. വന്യജീവി ആക്രമണം കൂടുതലായുള്ള പ്രദേശങ്ങളെ പ്രത്യേകം കണ്ടെത്തി ഓരോ മേഖലയിലും പ്രതിരോധ ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ അടങ്ങിയ പ്രത്യേക കര്‍മപദ്ധതി നടപ്പാക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന് അറിയിച്ചു.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ സംസ്ഥാനത്ത് നടന്ന വന്യജീവി ആക്രമണങ്ങൾ സംബന്ധിച്ച് വനംവകുപ്പ് സമഗ്ര പഠനം നടത്തിയിരുന്നു. ഇതില്‍ 273 പഞ്ചായത്തുകളെ സംഘര്‍ഷമേഖലകളായും 30 പഞ്ചായത്തുകളെ തീവ്ര സംഘര്‍ഷ മേഖലകളായും കണ്ടെത്തി. ഇതില്‍ ഒന്‍പത് പഞ്ചായത്തുകള്‍ അതിതീവ്ര സംഘര്‍ഷമേഖലയിലാണ്.
സംഘര്‍ഷം കൂടുതലായുള്ള പ്രദേശങ്ങളെ 12 ലാന്ഡ്സ്കേപ്പുകളായും തിരിച്ചിട്ടുണ്ട്. ലാന്‍ഡ്സ്കേപ്പ് മാസ്റ്റര്‍ പ്ലാനുകള്‍ ക്രോഡീകരിച്ചാണ് സംസ്ഥാനതല കര്‍മപദ്ധതി തയാറാക്കുക. വന്യജീവി ആക്രമണം ലഘൂകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക നയവും രൂപീകരിക്കും.
സംസ്ഥാനത്ത് വിവിധ പദ്ധതികള്‍ നടപ്പിലാക്കിയതിന്റെ ഫലമായി വന്യജീവി ആക്രമണം ലഘൂകരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കര്‍മപദ്ധതിയുടെ ഭാഗമായി കെ ഡിസ്ക്കുമായി സഹകരിച്ച് വനംവകുപ്പ് സേഫ് ഹാബിറ്റാറ്റ് ഹാക്ക് എന്ന പേരില്‍ ഹാക്കത്തോണും സംഘടിപ്പിക്കും.
വന്യജീവി ആക്രമണം ലഘൂകരിക്കാനും ആവാസ വ്യവസ്ഥകളുടെ സുസ്ഥിര പരിപാലനത്തിനും നൂതനസാങ്കേതികവിദ്യയുടെ സഹായത്തോടെ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനുള്ള സംവിധാനമാണ് ഹാക്കത്തണ്‍.
വിവിധ സ്റ്റാര്‍ട്ടപ്പുകള്‍, ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍, ഇന്നവേറ്റര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍, ഗവേഷകർ, വിദ്യാര്‍ഥികള്‍ എന്നിവര്‍ ആശയങ്ങള്‍ സമര്‍പ്പിച്ച് ഹാക്കത്തണില്‍ പങ്കാളികളാകും. പൊതുജനങ്ങളുടെ അഭിപ്രായങ്ങളും ഉള്‍പ്പെടുത്തും.
സൗരോര്‍ജ വേലികള്‍, മതിലുകള്‍ തുടങ്ങിയവയുടെ കാര്യക്ഷമതക്കുറവ്, തത്സമയ നിരീക്ഷണത്തിനുള്ള നൂതന ഉപകരണങ്ങളുടെ കുറവ്, അവ വനമേഖലയില്‍ സ്ഥിരമായി ഉപയോഗിക്കാനുള്ള പ്രയോഗിക ബുദ്ധിമുട്ട് എന്നിവ സംബന്ധിച്ച പരിഹാരമാര്‍ഗങ്ങളും കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിലേക്കായുള്ള ആശയങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 20 ആണ്.
സമര്‍പ്പിക്കുന്ന ആശയങ്ങള്‍ വിദഗ്ധസമിതി പരിശോധിച്ച് തെരഞ്ഞെടുത്ത ആശയങ്ങള്‍ 2025 ഫെബ്രുവരി 15നു ശേഷം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവതരിപ്പിക്കും.
മിഷന് ഫെന്‍സിംഗ് 2024 നടപ്പാക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി ആക്രമണം ലഘൂകരിക്കാന്‍ വനംവകുപ്പ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന തീവ്രയജ്ഞ പരിപാടിയാണ് മിഷന് ഫെന്‍സിംഗ് 2024.
സംസ്ഥാനത്തെ 1400 കിലോമീറ്ററുകളിലായി സ്ഥാപിച്ചിട്ടുള്ള സൗരോര്‍ജ വേലികളില്‍ തകരാറുള്ള ഭാഗങ്ങളില്‍ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിന് പൊതുജന പങ്കാളിത്തത്തോടുകൂടി സമയബന്ധിതമായി പദ്ധതിരേഖ തയ്യാറാക്കും.
നവംബര്‍ 25 മുതല്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന കാന്പയിനാണിത്. നവംബര്‍ 25 മുതല്‍ നവംബര്‍ 30 വരെയുള്ള ആദ്യഘട്ടത്തില്‍ സൗരോര്‍ജ വേലികള്‍ പരിശോധിച്ചു തരംതിരിക്കുകയും തകരാറിലായവയെ പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള കണക്കെടുപ്പു നടത്തി ഫണ്ട് സമാഹരണം നടത്തുകയും ചെയ്യും.
ഡിസംബര്‍ ഒന്നു മുതല്‍ 15 വരെയുള്ള രണ്ടാം ഘട്ടത്തില്‍ തകരാറുള്ള സൗരോര്‍ജ വേലികളുടെ അറ്റകുറ്റപ്പണികള്‍ പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തത്തോടെ നിറവേറ്റും.
അവസാനഘട്ടമായ ഡിസംബര്‍ 16 മുതല്‍ 24 വരെ പൊതുജന പങ്കാളിത്തത്തോടുകൂടി പ്രവര്‍ത്തനക്ഷമമാക്കിയ സൗരോര്‍ജവേലികള്‍ നാടിനു സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.