കുറിക്കന്പനി ഉടമകൾ കോടികളുമായി മുങ്ങി
Friday, November 22, 2024 2:48 AM IST
വാടാനപ്പള്ളി: കുറി വിളിച്ചിട്ടും വട്ടമെത്തിയിട്ടു മാസങ്ങൾ പിന്നിട്ടിട്ടും ഇടപാടുകാർക്കു പണംകൊടുക്കാതെ മലപ്പുറത്തു ഹെഡ് ഓഫീസുള്ള വാടാനപ്പിള്ളിയിലെ കാരാട്ട് കുറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉടമകൾ കോടികളുമായി മുങ്ങി. കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ നിലമ്പൂർ സ്വദേശി സന്തോഷ്, ഡയറക്ടർ മുബഷീർ എന്നിവരാണു മുങ്ങിയത്.
സംസ്ഥാനത്തു വിവിധ ജില്ലകളിലായി 14 ബ്രാഞ്ചുകളുള്ള കുറി ഇടപാടുസ്ഥാപനമാണു കഴിഞ്ഞദിവസം പൂട്ടിയത്. തട്ടിപ്പിനിരയായി കബളിപ്പിക്കപ്പെട്ടവർ ഇതുസംബന്ധിച്ച് വാടാനപ്പള്ളി അടക്കം വിവിധ പോലീസ് സ്റ്റേഷനുകളിലും രജിസ്ട്രാർ ഓഫീസിലും പരാതി നൽകി.
മലപ്പുറം കൂരിയാട് ഹെഡ് ഓഫീസായി പ്രവർത്തിക്കുന്ന കമ്പനിക്കു വാടാനപ്പിള്ളി ചിലങ്ക സെന്റർ, ഒറ്റപ്പാലം, മണ്ണാർക്കാട്, മുക്കം, തിരൂർ, പട്ടാമ്പി, വളാഞ്ചേരി എന്നിവിടങ്ങളിലടക്കം ബ്രാഞ്ചുകളുണ്ട്. കുറി വിളിച്ച നിരവധി പേർക്കു എട്ടുമാസത്തിലധികമായിട്ടും പണം കൊടുത്തിട്ടില്ല. രണ്ടാഴ്ച മുമ്പ് പണംകിട്ടാത്ത ഗുരുവായൂർ സ്വദേശി ഓഫീസിൽ വന്ന് ആത്മഹത്യാഭീഷണിവരെ മുഴക്കിയിരുന്നു.
കുറി വിളിച്ചവർക്കും വട്ടമെത്തിയവർക്കും ഒരു ലക്ഷം മുതൽ അഞ്ചുലക്ഷം രൂപ വരെ കിട്ടാനുണ്ട്. 35 പ്രവൃത്തിദിവസം കഴിഞ്ഞാൽ കുറി വിളിച്ചവർക്കു പണം നൽകണമെന്നാണു നിബന്ധന. ചെക്ക് അടുത്തയാഴ്ച വരുമെന്നുപറഞ്ഞ് മാസങ്ങളോളമായി വരിക്കാരെ വഞ്ചിക്കുകയായിരുന്നു. കഴിഞ്ഞദിവസം സ്ഥാപനം അടച്ചു.
കളക്ഷൻ ഏജന്റുമാരെ വിളിച്ചപ്പോഴാണു സ്ഥാപനം അടച്ച വിവരം ഇടപാടുകാർ അറിഞ്ഞത്. ഇതോടെയാണ് കബളിപ്പിക്കപ്പെട്ടവർ പോലീസിലും തൃശൂർ ചെന്പുക്കാവിലെ രജിസ്ട്രാർ ഓഫീസിലും പരാതി നൽകിയത്. ശന്പളം കിട്ടാതെ ജീവനക്കാരും പരാതി നൽകി.