റബര്‍വില തകര്‍ച്ചയ്ക്കെതിരേ സത്യഗ്രഹ സമരവുമായി കേരള കോണ്‍ഗ്രസ്
Friday, November 22, 2024 2:48 AM IST
കോട്ടയം: റബര്‍ വില തകര്‍ച്ച മൂലം പ്രതിസന്ധിയിലായിരിക്കുന്ന കേരളത്തിലെ കൃഷിക്കാരെ സഹായിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ കോട്ടയത്ത് നടത്തിയ റബര്‍ കര്‍ഷക സമര പ്രഖ്യാപന സമ്മേളനം ആവശ്യപ്പെട്ടു. എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കൃഷിക്കാരെ രക്ഷിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്താന്‍ തയാറാകാതെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷക ജനതയെ വഞ്ചിച്ചിരിക്കുകയാണെന്ന് മോന്‍സ് ജോസഫ് കുറ്റപ്പെടുത്തി.
റബര്‍ വിലയിടിവിനെതിരേ സംസ്ഥാന വ്യാപകമായി കേരള കോണ്‍ഗ്രസ് തുടക്കം കുറിച്ച കര്‍ഷക സമരത്തിന്റെ ഒന്നാംഘട്ടത്തിന്റെ ഭാഗമായി ഡിസംബര്‍ 14ന് കോട്ടയം തിരുനക്കരയില്‍ റബര്‍കര്‍ഷക സത്യാഗ്രഹം നടത്തും. പാര്‍ട്ടി ചെയര്മാന് പി.ജെ. ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
സമരപ്രഖ്യാപന സമ്മേളനത്തില്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ജയ്സണ്‍ ജോസഫ് അധ്യക്ഷത വഹിച്ചു. ഫ്രാന്‍സിസ് ജോര്‍ജ് എംപി സമരപ്രഖ്യാപനം നടത്തി. ജോയി ഏബ്രഹം കെ.എഫ്. വര്‍ഗീസ്, സന്തോഷ് കാവുകാട്ട്, മാത്തുക്കുട്ടി പ്ലാത്താനം, ജോയി ചെട്ടേശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.