10 കോടിയുടെ പ്രവാസിനിക്ഷേപ തട്ടിപ്പ്; ഒരാൾ പിടിയിൽ
Thursday, November 21, 2024 1:52 AM IST
ചാവക്കാട്: പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിലെ മലയാളി ക്ഷേമനിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ അമിതപലിശ വാഗ്ദാനംചെയ്ത് നിക്ഷേപം സ്വീകരിച്ചു വഞ്ചിച്ച കേസിൽ ഒരാൾ പിടിയിൽ. കമ്പനി ഡയറക്ടർമാരിലൊരാളായ ഗുരുവായൂർ തിരുവെങ്കിടം താണിയിൽ പ്രഭാകരനെ(64) ഗുരുവായൂർ എസിപിയുടെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തു.
പത്തുമാസത്തോളമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി വീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു ചാവക്കാട് പോലീസ് സബ് ഇൻസ്പെക്ടർ പ്രീത ബാബുവും സംഘവും വീട്ടിലെത്തി പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
പാവറട്ടി, വാടാനപ്പിള്ളി അടക്കം വിവിധ സ്റ്റേഷനുകളിലായി പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിനെതിരേ അറുപതിലധികം കേസുകളാണു നിലവിലുള്ളത്. പത്തുകോടിയിലധികം രൂപയാണ് സംഘം തട്ടിപ്പു നടത്തിയത്.
കേസിൽ ഇനിയും പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ട്. പ്രതികളെ പിടികൂടാനായി എസ്എച്ച്ഒ വി.വി. വിമലിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. സബ് ഇൻസ്പെക്ടർ കെ.വി. വിജിത്ത്, സിവിൽ പോലീസ് ഓഫീസർമാരായ റോബിൻസൺ, ഇ.കെ. ഹംദ്, രജനീഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.