നിയമവിരുദ്ധ പ്ലാസ്റ്റിക് ഉത്പന്ന നിര്‍മാണം തടയാന്‍ സ്ഥിരംസംവിധാനം വേണമെന്നു കോടതി
Thursday, November 21, 2024 1:52 AM IST
കൊച്ചി: നിയമവിരുദ്ധമായി പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതു തടയാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ സ്ഥിരം സംവിധാനം വേണമെന്നു ഹൈക്കോടതി.
സ്ഥാപനങ്ങള്‍ അനധികൃതമായി പ്ലാസ്റ്റിക് കപ്പ്, പ്ലേറ്റ്, കവര്‍ തുടങ്ങിയവ ഉത്പാദിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും പോലീസിന്റെയും സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങള്‍ ആവശ്യമാണെന്നും ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
നിയമപരമായ രജിസ്ട്രേഷന് കൈവശമില്ലാതെ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനെതിരേ നടപടി ആവശ്യപ്പെട്ടു മലപ്പുറം സ്വദേശി കെ.വി. സുധാകരന് നല്കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം.
പരിശോധനാ സംവിധാനമൊരുക്കാന്‍ മതിയായ ജീവനക്കാരില്ലെന്നു ഹര്‍ജി പരിഗണിക്കവേ, മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കി. തദ്ദേശസ്ഥാപനങ്ങളുടെയും പോലീസിന്റെയും സഹായം ഇക്കാര്യത്തില്‍ ആവശ്യമാണെന്നും അറിയിച്ചു.
എന്നാല്‍, ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടത് മലിനീകരണ നിയന്ത്രണ ബോര്‍ഡാണെന്നു കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജി ഡിസംബര്‍ ആറിന് പരിഗണിക്കാന്‍ മാറ്റി.