എംബിബിഎസ് വിദ്യാർഥി മരിച്ച നിലയിൽ
Thursday, November 21, 2024 2:32 AM IST
തൊടുപുഴ: എംബിബിഎസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴയിലെ സ്വകാര്യ മെഡിക്കൽ കോളജ് മൂന്നാം വർഷ വിദ്യാർഥി കോഴിക്കോട് പേരാന്പ്ര ഒറ്റക്കണ്ടത്തിന്മേൽ സുരേഷ്ബാബുവിന്റെ മകൻ വിശാഖ് കൃഷ്ണയെ (23)യാണ് ഇന്നലെ രാവിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അമ്മ വിജിയോടൊപ്പം പെരുന്പിള്ളിച്ചിറ കറുകയിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു. അച്ഛൻ സുരേഷ് ബാബുവിന് ദുബായിലാണു ജോലി.
ഏതാനും ദിവസം മുന്പ് അമ്മ ദുബായിൽ ഭർത്താവിന്റെ അടുത്തേക്കു പോയതിനാൽ വിശാഖ് തനിച്ചാണ് വീട്ടിലുണ്ടായിരുന്നത്. ഞായറാഴ്ച മുതൽ വിശാഖ് ഫോണിൽ ബന്ധപ്പെടാതിരുന്നതിനാൽ മാതാപിതാക്കൾ വാടകവീടിന്റെ ഉടമയെ വിവരമറിയിച്ചു.
വിദേശത്തുള്ള ഉടമ ബന്ധുവിനെ അറിയിച്ചതിനെത്തുടർന്ന് ഇവർ എത്തിയപ്പോഴാണ് വീടിന്റെ ഹാളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തൊടുപുഴ പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് ഇവരെത്തി ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.
പിന്നീട് കോളജിൽ പൊതുദർശനത്തിനുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം പിന്നീട്.