വനിതാ പോലീസുദ്യോഗസ്ഥ ഭർത്താവിന്റെ വെട്ടേറ്റ് മരിച്ചു
Friday, November 22, 2024 2:48 AM IST
പയ്യന്നൂര്‍: കരിവെള്ളൂരിൽ വനിതാ പോലീസുദ്യോഗസ്ഥയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. കാസര്‍ഗോഡ് ചന്തേര പോലീസിലെ വനിതാ സിപിഒ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയാണ് (35) ഭർത്താവിന്റെ വെട്ടേറ്റു മരിച്ചത്. സംഭവത്തിനുശേഷം ഒളിവിൽപ്പോയ രാജേഷിനെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് കണ്ണൂർ പുതിയതെരുവിൽനിന്ന് കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകുന്നേരം 5.45 ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കുറച്ചുനാളുകളായി ദിവ്യശ്രീയും രാജേഷും അകന്നുകഴിയുകയായിരുന്നു. ഇന്നലെ ബൈക്കിൽ വടിവാളുമായി ദിവ്യശ്രീയുടെ പലിയേരിയിലെ വീട്ടിലെത്തിയ രാജേഷ് ദിവ്യശ്രീയുടെ ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ചശേഷം വെട്ടിവീഴ്ത്തുകയായിരുന്നു.
തടയാൻ ശ്രമിച്ച ദിവ്യശ്രീയുടെ അച്ഛൻ വാസുവിനും വെട്ടേറ്റു. ബഹളം കേട്ട് ആളുകളെത്തുമ്പോഴേക്കും രാജേഷ് വെട്ടാനുപയോഗിച്ച വടിവാളുമായി ബൈക്കുപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ദേഹമാസകലം വെട്ടേറ്റ ദിവ്യശ്രീയെ നാട്ടുകാര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും മരിച്ചു. വെട്ടേറ്റ വാസുവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്ഥലത്തെത്തിയ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ രാജേഷിനെ കണ്ടെത്താൻ ഊര്‍ജിതമായ അന്വേഷണമാണു പോലീസ് നടത്തിയത്. ഇതിനൊടുവിലാണ് പ്രതിയെ രാത്രി 8.45 ഓടെ വളപട്ടണം പോലീസ് പുതിയതെരുവില്നിന്നു പിടികൂടിയത്. ഇയാളെ പയ്യന്നൂര്‍ പോലീസിന് കൈമാറും.
പരേതയായ പാറുവാണ് ദിവ്യശ്രീയുടെ അമ്മ. ഏഴാം ക്ലാസ് വിദ്യാര്‍ഥി ആഷിഷ് മകനാണ്. സഹോദരി: പ്രവിത.