പരിസ്ഥിതി സൗഹൃദ കന്പോസ്റ്റിംഗ് സാങ്കേതികവിദ്യയുമായി സിഎസ്ഐആർ എൻഐഐഎസ്ടി
Thursday, November 21, 2024 1:52 AM IST
തിരുവനന്തപുരം: ശാസ്ത്രീയവും സുസ്ഥിരവുമായ വേസ്റ്റ് മാനേജ്മെന്റിന്റെ ഭാഗമായ കന്പോസ്റ്റിംഗ് പ്രക്രിയയ്ക്കു പരിസ്ഥിതി സൗഹാർദ പരിഹാരവുമായി സിഎസ്ഐആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി. ’ജൈവം’ എന്ന പേരിലാണ് ഉത്പന്നം വികസിപ്പിച്ചിരിക്കുന്നത്.
ഇതിന്റെ നിർമാണത്തിനും ഉപയോഗത്തിനുമായി എൻഐഐഎസ്ടി ആഗ്സോ അഗ്രോസോൾജിയർ പ്രൈവറ്റ് ലിമിറ്റഡുമായി നോണ്‍ എക്സ്ക്ലുസീവ് ലൈസൻസ് വ്യവസ്ഥയിൽ ധാരണാപത്രം ഒപ്പിട്ടു. വീടുകളിൽ ഉപയോഗിക്കുന്ന കന്പോസ്റ്റിംഗ് ബിന്നുകളിലും നഗരങ്ങളിൽ ഉപയോഗിക്കുന്ന ഓർഗാനിക് വേസ്റ്റ് കണ്‍വെർട്ടർ യൂണിറ്റുകളിലും വിൻഡ്രോ കന്പോസ്റ്റിംഗ് യൂണിറ്റുകളിലും ഇത് ഉപയോഗിക്കാൻ കഴിയും. മാലിന്യം വളരെ വേഗത്തിൽ കന്പോസ്റ്റായി മാറ്റി കാർഷികാവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്നതാണ് മറ്റൊരു പ്രയോജനം.
വലിയ തോതിലുള്ള കന്പോസ്റ്റിംഗ് പ്രക്രിയയിൽ ഉത്പാദിപ്പിക്കപ്പെടുന്ന മീഥേൻ, നൈട്രസ് ഓക്സൈഡ് പോലുള്ള പരിസ്ഥിതി സൗഹൃദമല്ലാത്ത വാതകങ്ങൾ ഉയർത്തുന്ന ഭീഷണി കുറയ്ക്കുന്നതിനും കന്പോസ്റ്റിന്റെ ഗുണമേന്മ വർധിപ്പിക്കുന്നതിനും ഈ പ്രക്രിയയിലൂടെ സാധിക്കുമെന്ന് എൻഐഐഎസ്ടി ഡയറക്ടർ ഡോ. സി അനന്തരാമകൃഷ്ണൻ പറഞ്ഞു.
എൻഐഐഎസ്ടിയിലെ എൻവയണ്മെന്റൽ ടെക്നോളജി വിഭാഗത്തിലെ ഡോ. ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ’ജൈവം’ വികസിപ്പിച്ചത്.
ഇപ്പോൾ വിപണിയിൽ ലഭിക്കുന്ന ഇനോകുലവുമായി താരതമ്യം ചെയ്യുന്പോൾ ’ജൈവ’ത്തിന് ഗുണങ്ങൾ ഏറെയാണ്. ഇതിൽ ഉപയോഗിക്കുന്ന എല്ലാ ബാക്ടീരിയകളും സുരക്ഷിതമാണെന്നു സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ’ജൈവം’ ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന കന്പോസ്റ്റ് എഫ്സിഒ മാനദണ്ഡം പാലിക്കുന്നതും സസ്യങ്ങളുടെ വളർച്ചയ്ക്ക് ഫലപ്രദവുമാണ്. മാത്രവുമല്ല സസ്യങ്ങൾക്കുണ്ടാകുന്ന കീടബാധകൾ പ്രതിരോധിക്കുന്നതിനും ഇത് ഏറെ ഗുണകരമാണ്.
മുനിസിപ്പൽ ജൈവമാലിന്യങ്ങൾ, ഇറച്ചി യൂണിറ്റുകൾ, ഹോട്ടൽ, റെസ്റ്ററന്റുകൾ എന്നിവിടങ്ങളിൽ നിന്നുള്ള വൻതോതിലുള്ള മാലിന്യങ്ങളുടെ കന്പോസ്റ്റിംഗ് സമയം 15 മുതൽ 20 ദിവസങ്ങൾ വരെ കുറയ്ക്കുന്നതിന് ഇതിലൂടെ സാധിച്ചു. തുന്പൂർമൂഴി അടക്കമുള്ള വൻകിട മാലിന്യ സംസ്കരണ യൂണിറ്റുകൾക്ക് എൻഐഐഎസ്ടി സാങ്കേതിക സഹായം നൽകും.