സിപിഎം പത്രപ്പരസ്യത്തിന് ഉത്തരവാദി മന്ത്രി എം.ബി. രാജേഷെന്ന് വി.ഡി. സതീശൻ
Thursday, November 21, 2024 2:32 AM IST
കാസർഗോഡ്: പാലക്കാട് തെരഞ്ഞെടുപ്പിനുമുമ്പ് മതപരമായ ഭിന്നിപ്പുണ്ടാക്കണമെന്ന ദുരുദ്ദേശ്യത്തോടെ സിപിഎം നല്കിയ പത്രപ്പരസ്യത്തിന്റെ ഉത്തരവാദി മന്ത്രി എം.ബി. രാജേഷാണെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
ഹീനമായ വര്‍ഗീയത പ്രചരിപ്പിക്കാന്‍ നോക്കിയവര്‍ക്കു പാലക്കാട്ടെ വോട്ടര്‍മാര്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും ഇത് മതേതര കേരളമാണെന്ന് ഒരിക്കൽക്കൂടി പ്രഖ്യാപിക്കുമെന്നും അദ്ദേഹം കാസർഗോട്ട് മാധ്യമങ്ങളോടു പറഞ്ഞു. സിപിഎം നല്കിയ വിദ്വേഷ പരസ്യം കേരളത്തിന്റെ മതേതര മനസിനെ മുറിവേല്‍പ്പിച്ചിട്ടുണ്ട്.
വര്‍ഗീയവിദ്വേഷമുണ്ടാക്കുന്ന പരസ്യമാണെന്നും ഇടതുമുന്നണിയല്ല ഇത് നല്‍കിയതെന്നും സിപിഐ പറഞ്ഞിട്ടുണ്ട്. എന്നിട്ടും മന്ത്രി എം.ബി. രാജേഷ് അതിനെ ന്യായീകരിക്കുകയാണ്. ചെലവ് കുറവുള്ളതു കൊണ്ടാണ് ഈ രണ്ടു പത്രങ്ങളില്‍ പരസ്യം നല്‍കിയതെന്നാണു മന്ത്രി പറഞ്ഞത്.
ഈ പരസ്യം നല്‍കിയതിന്റെ തലേ ദിവസം മറ്റൊരു ദിനപത്രത്തില്‍ നാലു പേജുള്ള പരസ്യം നല്‍കിയിരുന്നു. അതില്‍ വര്‍ഗീയവിദ്വേഷം പരത്തിയിരുന്നില്ല. അപ്പോള്‍ പണമില്ലാത്തതുകൊണ്ടാണ് രണ്ടു പത്രങ്ങളില്‍ പരസ്യം നല്‍കിയതെന്നു പറഞ്ഞത് പച്ചക്കള്ളമാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു ശേഷം സിപിഎം നേതാക്കള്‍ക്കു സമനില നഷ്ടപ്പെട്ടിരിക്കുകയാണ്. ഇവരെ റിമോട്ട് കണ്ട്രോളില് നിയന്ത്രിക്കുന്നത് ബിജെപിയാണ്. ഇന്നലെ സന്ദീപ് വാര്യര്‍ പറഞ്ഞതു പോലെ ബിജെപിയുടെ ഓഫീസില്‍നിന്നാണ് സിപിഎമ്മിനുവേണ്ടി പരസ്യം നല്‍കിയത്.
സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിയാണു തെരഞ്ഞെടുപ്പുചട്ടം ലംഘിച്ച് വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന പരസ്യം നല്‍കിയത്. ഇത്തരം സംഭവം കേരളത്തില്‍ ഇനി ഒരിക്കലും ആവര്‍ത്തിക്കാന്‍ പാടില്ല. യുഡിഎഫ് ഇതിനെ നിയമപരമായി നേരിടും.
പാണക്കാട് തങ്ങളെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് ഞങ്ങളാരും പറഞ്ഞിട്ടില്ല. പക്ഷേ ഇക്കാര്യത്തില്‍ സിപിഎമ്മിനും ബിജെപിക്കും ഒരേ നാവാണ്. മതേതര നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന ആളാണ് തങ്ങള്‍.
ഇവരെല്ലാംകൂടി കേരളത്തിന്റെ മതേതരത്വത്തെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുമ്പോഴാണ് പാണക്കാട് സാദിഖലി തങ്ങള്‍ എറണാകുളത്തെത്തി മുനമ്പം സംഭവത്തില്‍ ബിഷപ്പുമാര്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിയത്.
ആ മനുഷ്യനെയാണ് വര്‍ഗീയവാദിയെന്നു പറഞ്ഞ് വേട്ടയാടുന്നത്. സാദിഖലി തങ്ങളെ അപമാനിക്കാന്‍ മുഖ്യമന്ത്രി തന്നെ രംഗത്തിറങ്ങിയിരിക്കുകയാണ്. ഇരുണ്ട് നേരം വെളുക്കുന്നതിനുമുമ്പാണ് സിപിഎം നിലപാട് മാറ്റുന്നത്.
സന്ദീപ് വാര്യര്‍ ക്രിസ്റ്റല്‍ ക്ലിയറാണെന്നു പറഞ്ഞവരാണ് ഇപ്പോള്‍ വര്‍ഗീയവാദി എന്നു പറയുന്നത്.
പൂരം കലക്കിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ ആരോപണത്തിന് അടിവരയിടുന്ന റിപ്പോര്‍ട്ടാണു കൊച്ചി ദേവസ്വം ബോർഡ് ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്നത്. അജിത്കുമാറാണു പൂരം അലങ്കോലമാക്കിയതെന്നാണ് ദേവസ്വം നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ആന്റണി രാജു മന്ത്രിയായിരിക്കുമ്പോള്‍ത്തന്നെ പ്രതിപക്ഷം ആരോപണം ഉന്നയിച്ചതാണ്. അന്ന് മുഖ്യമന്ത്രി നിശബ്ദനായിരുന്നു. ഇപ്പോള്‍ സുപ്രീം കോടതി തന്നെ അദ്ദേഹം വിചാരണ നേരിടണമെന്ന് ഉത്തരവിട്ടിരിക്കുകയാണ്.
അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് ലഹരി വസ്തു കൊണ്ടുവന്ന കേസില്‍ തെളിവായ അടിവസ്ത്രം കോടതിയില്‍നിന്നു പുറത്തെടുത്ത് നശിപ്പിച്ചത് കുറ്റമാണ്. അങ്ങനെ ഒരാള്‍ മന്ത്രിയായിരുന്നു എന്നത് കേരളത്തിനുതന്നെ അപമാനമാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും ഉത്തരം പറയണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.