ബാറ്ററിവെള്ളം ഒഴിച്ച് മദ്യം കഴിച്ച യുവാവ് മരിച്ചു
Friday, November 22, 2024 2:48 AM IST
വണ്ടിപ്പെരിയാർ: ബാറ്ററിവെള്ളം കലർത്തി മദ്യം കഴിച്ച യുവാവ് മരിച്ചു. സുഹൃത്തിനെ ഗുരുതരനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വണ്ടിപ്പെരിയാർ ചുരക്കുളം അപ്പർ ഡിവിഷൻ കല്ലുവേലിപറമ്പിൽ ജോബി(40)നാണു മരിച്ചത്. കൂടെ മദ്യപിച്ച സുഹൃത്ത് പ്രഭു (40)വിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
തമിഴ്നാട്ടിലെ തിരുപ്പുരിൽ മഞ്ഞപ്പിത്തം ബാധിച്ചു മരിച്ച ചുരുക്കളം അപ്പർ ഡിവിഷൻ സ്വദേശിയായ പ്രതാപി(39)ന്റെ മൃതദേഹം കൊണ്ടുവരുന്നതിനിടെയാണു സഹോദരനായ പ്രഭുവും സുഹൃത്ത് ജോബിനും മദ്യം കഴിച്ചത്.
ഇരുവരുമുൾപ്പെടെ അഞ്ചുപേരാണ് ചുരക്കുളത്തേക്ക് മൃതദേഹവുമായി എത്തിയ ആംബുലൻസിൽ ഉണ്ടായിരുന്നത്. ഇന്നലെ പുലർച്ചെ ഒന്നോടെ കുമളിയിലെത്തിയ ഇവർ വാഹനം നിർത്തി ചായ കുടിക്കാനിറങ്ങി.
മൂന്നുപേർ ചായ കുടിക്കാൻ പുറത്തിറങ്ങുകയും വാഹനത്തിലുണ്ടായിരുന്ന ജോബിൻ, പ്രഭു എന്നിവർ തമിഴ്നാട്ടിൽനിന്നു വാങ്ങി കഴിച്ചതിന്റെ ബാക്കിയുണ്ടായിരുന്ന മദ്യം ആംബുലൻസിന്റെ ബാറ്ററിയിൽ ഒഴിക്കാൻ വച്ചിരുന്ന വെള്ളം കലർത്തി കഴിക്കുകയുമായിരുന്നു.
ചായ കുടിക്കാൻ പോയവർ തിരികെ എത്തിയപ്പോൾ വാഹനത്തിലുണ്ടായിരുന്നവരെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടനിലയിൽ കണ്ടെത്തി. തുടർന്ന് ഇവരെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമിക ചികിത്സ നൽകിയെങ്കിലും ജോബിനെ രക്ഷിക്കാനായില്ല.