വിജയലക്ഷ്മിയുടെ മരണം തലയുടെ പിൻഭാഗത്തേറ്റ മുറിവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Thursday, November 21, 2024 1:52 AM IST
അന്പലപ്പുഴ: കരൂരിൽ ആൺ സുഹൃത്ത് കൊലചെയ്ത യുവതിയുടെ മരണത്തിനു കാരണം തലയുടെ പിൻഭാഗത്തേറ്റ ആഴമുള്ള മുറിവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയുടെ മൃതദേഹമാണ് ഇന്നലെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തത്.
പ്രതിയായ ജയചന്ദ്രൻ വിജയലക്ഷ്മിയെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. പെട്ടെന്നുണ്ടായ പ്രകോപനത്തിൽ വിജയലക്ഷ്മിയുടെ തല കട്ടിലിൽ പിടിച്ച് ഇടിച്ച ജയചന്ദ്രൻ തുണി ഉപയോഗിച്ച് ശ്വാസം മുട്ടിക്കാനും ശ്രമിച്ചു. വിജയലക്ഷ്മി അബോധാവസ്ഥയിലായതോടെയാണ് വെട്ടുകത്തി ഉപയോഗിച്ച് വെട്ടിയത്.
വിജയലക്ഷ്മിയുടെ തലയിൽ 13 ലധികം തവണ ജയചന്ദ്രൻ തുടർച്ചയായി വെട്ടി. തലയുടെ പിൻഭാഗത്തു മാത്രം ഏഴിലധികം ആഴത്തിലുള്ള മുറിവുകളുണ്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രതിയായ ജയചന്ദ്രനെ റിമാൻഡ് ചെയ്തു. കരുനാഗപ്പള്ളി എസിപി അഞ്ജലി ഭാവനയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതുവരെ കേസന്വേഷിച്ചത്. കേസ് കരുനാഗപ്പള്ളി പോലീസ് അമ്പലപ്പുഴ പോലീസിനു കൈമാറും.
കൊലപാതകം നടന്നത് അമ്പലപ്പുഴയിലായതിനാലാണ് തുടരന്വേഷണം അമ്പലപ്പുഴ പോലീസിനു കൈമാറുന്നത്. കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ് പോലീസിന്റെ വിലയിരുത്തൽ.