കൊച്ചി ബിനാലെ അടുത്തവർഷം ഡിസംബറിൽ
Thursday, November 21, 2024 1:52 AM IST
തിരുവനന്തപുരം: കൊച്ചി മുസിരിസ് ബിനാലെയുടെ (കെഎംബി) ആറാം പതിപ്പ് അടുത്ത വർഷം ഡിസംബർ 12 മുതൽ 2026 മാർച്ച് 31 വരെ.
ബിനാലെയുടെ ക്യൂറേറ്ററായി നിഖിൽ ചോപ്രയും എച്ച്എച്ച് ആർട്ട് സ്പേസസും തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കൊച്ചി ബിനാലെ ഫൗണ്ടേഷനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ നിഖിൽ ചോപ്രയെ ക്യുറേറ്ററായി പ്രഖ്യാപിച്ചു.
കലാ മേഖലയിൽ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ ഷാനയ് ഝവേരി, ദയാനിത സിംഗ്, റജീബ് സംദാനി, ജിതീഷ് കല്ലാട്ട്, കെബിഎഫ് പ്രസിഡന്റു കൂടിയായ ബോസ് കൃഷ്ണമാചാരി എന്നിവരടങ്ങിയ സമിതിയാണ് ക്യൂറേറ്ററെ തെരഞ്ഞെടുത്തത്.
വൻകരകളിലെ സമകാലിക കലകൾ പ്രദർശിപ്പിക്കുന്ന 110 ദിവസത്തെ പരിപാടിയിൽ ഇന്ത്യയിലെയും ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുമുള്ള 60 കലാകാരൻമാർ ബിനാലെയുടെ ഭാഗമാകും.
കലയുടെയും സമൂഹത്തിന്റെയും സംവാദത്തിന്റെ ഒത്തുചേരലിന് വേദിയാകുന്ന ഈ ആഗോള പരിപാടി ആഘോഷമാക്കാൻ കേരളത്തിലെയും രാജ്യത്തെയും ലോകമെന്പാടുമുള്ള ആളുകളെയും ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഗോവ ആസ്ഥാനമായുള്ള സ്ഥാപനവും കലാകാര കൂട്ടായ്മയുമായ എച്ച്എച്ച് ആർട്ട് സ്പേസസിന്റെ സ്ഥാപകരിലൊരാളായ നിഖിൽ ചോപ്രയെയും അംഗങ്ങളെയും മുഖ്യമന്ത്രി സ്വാഗതം ചെയ്തു.
കേരളത്തെയും ഇന്ത്യയെയും ആഗോള കലാ ഭൂപടത്തിൽ അടയാളപ്പെടുത്താൻ കൊച്ചി മുസിരിസ് ബിനാലെയിലൂടെ സാധിച്ചെന്ന് ഡോ. ശശി തരൂർ എംപി ചടങ്ങിനെ വെർച്വലായി അഭിസംബോധന ചെയ്തു പറഞ്ഞു.
തത്സമയ പ്രകടനം, ചിത്രകല, ഫോട്ടോഗ്രഫി, ശിൽപം, ഇൻസ്റ്റലേഷൻ എന്നിവ സമന്വയിപ്പിക്കുന്ന കലാകാരനായ നിഖിൽ ചോപ്രയെ ബോസ് കൃഷ്ണമാചാരി പരിചയപ്പെടുത്തി. 2014 ലെ രണ്ടാമത്തെ കെഎംബിയിൽ ആസ്പിൻവാൾ ഹൗസിൽ നിഖിൽ ചോപ്രയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു.
ഒരു വിഷയത്തിലധിഷ്ഠിതമായി വേഷപ്രച്ഛന്നനാകുന്ന പ്രകടനമാണ് നിഖിൽ ചോപ്ര നടത്തിയത്. കൊച്ചിയിൽ പ്രാഥമിക വിദ്യാഭ്യാസം ചെയ്ത നിഖിലിന് കേരളവുമായി നേരത്തെ അടുപ്പമുണ്ട്. ഒരാൾക്ക് പ്രവേശിക്കാനും പുറത്തുകടക്കാനും കഴിയുന്ന നിമിഷങ്ങളുടെ ഒരു പരന്പരയായാണ് ഈ ബിനാലെയിൽ വിഭാവനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.