വിശുദ്ധ ചാവറയച്ചന്റെ കബറിടത്തിലേക്ക് ഇന്ന് സ്പെഷൽ സ്കൂൾ കുട്ടികളുടെ തീർഥാടനം
Friday, November 22, 2024 2:48 AM IST
മാന്നാനം: വിശുദ്ധ ചാവറയച്ചന്റെയും വിശുദ്ധ എവുപ്രാസിയാമ്മയുടെയും വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ പത്താം വാർഷിക ആഘോഷത്തോടനുബന്ധിച്ച് ഇന്ന് വിശുദ്ധ ചാവറ പിതാവിന്റെ കബറിടത്തിലേക്ക് സ്പെഷൽ സ്കൂൾ കുട്ടികളുടെ തീർഥാടനം നടക്കും.
സിഎംഐ, സിഎംസി സന്യാസ സഭകളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്പെഷൽ സ്കൂളുകളിലെ കുട്ടികളും അധ്യാപകരുമാണ് ഇന്ന് മാന്നാനം ആശ്രമ ദേവാലയത്തിൽ എത്തുന്നത്.
തീർഥാടനം ദേവാലയത്തിൽ എത്തിയ ശേഷം 10.30ന് ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിലിന് സ്വീകരണം നൽകും. 11ന് മാർ തോമസ് തറയിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും മധ്യസ്ഥ പ്രാർഥനയും നടത്തും.
ആശ്രമം പ്രിയോർ റവ.ഡോ. കുര്യൻ ചാലങ്ങാടി സിഎംഐ, വൈസ് പ്രിയോർ ഫാ. മാത്യു പോളച്ചിറ സിഎംഐ എന്നിവർ സഹകാർമികരാകും. ഉച്ചകഴിഞ്ഞ് ഒന്നിനു നടക്കുന്ന പൊതുസമ്മേളനത്തിൽ 25 വർഷം സേവനം പൂർത്തിയാക്കിയ അധ്യാപക - അനധ്യാപകരെ ആദരിക്കും.
വിശുദ്ധ പദവി പ്രഖ്യാപന വാർഷിക ദിനം നാളെ
വിശുദ്ധ പദവി പ്രഖ്യാപന വാർഷിക ദിനാഘോഷം ആശ്രമ ദേവാലയത്തിൽ നാളെ നടക്കും. രാവിലെ ആറിനും 7.30നും ഒമ്പതിനും വിശുദ്ധ കുർബാന അർപ്പിക്കും.
വിശുദ്ധ ചാവറയച്ചൻ സ്ഥാപിച്ച ആശ്രമങ്ങളിലും ഇടവകകളിലും നിന്നുമുള്ള തീർഥാടനങ്ങളും സിഎംഐ സഭയുടെ തിരുവനന്തപുരം പ്രൊവിൻസിലെ സ്കൂൾ കുട്ടികളുടെ തീർഥാടനവും 11ന് ആശ്രമ ദേവാലയത്തിൽ എത്തിച്ചേരും.
തുടർന്ന് സീറോ മലബാർ സഭയുടെ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന.