ദുരന്തസഹായം വൈകുന്നതിലുള്ള പ്രതിഷേധം അറിയിക്കണം: മുഖ്യമന്ത്രി
Friday, November 22, 2024 2:48 AM IST
തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ കേരളത്തിന് അർഹമായ കേന്ദ്ര ദുരന്തസഹായം വൈകുന്നതിലുള്ള പ്രതിഷേധം സംസ്ഥാനത്തുനിന്നുള്ള എംപിമാർ കേന്ദ്രത്തെ അറിയിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തു നിന്നുള്ള എംപിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തമുണ്ടായി ഏറെ നാൾ കഴിഞ്ഞിട്ടും കേന്ദ്രത്തിൽ നിന്നു പ്രത്യേക ധനസഹായമൊന്നും കേരളത്തിന് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഇത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിൽ കേരളത്തിന് അർഹമായ ദുരന്തസഹായം വൈകുന്നതിലുള്ള ഗൗരവതരമായ പ്രതിഷേധം കേന്ദ്രത്തെ അറിയിക്കണമെന്നു മുഖ്യമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനു സമർപ്പിച്ച നിവേദനത്തിൽ മൂന്ന് ആവശ്യങ്ങളാണ് മുന്നോട്ടുവച്ചിട്ടുള്ളത്. തീവ്രസ്വഭാവമുള്ള ദുരന്തമായി പ്രഖ്യാപിക്കണം, ദേശീയ ദുരന്തനിവാരണ അഥോറിറ്റിയിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ദുരന്തബാധിതരുടെ എല്ലാ കടങ്ങളും എഴുതിത്തള്ളണം, ഉരുൾപൊട്ടൽ ബാധിത മേഖലയ്ക്കായി ദേശീയ ദുരന്തപ്രതികരണനിധിയിൽ നിന്നും അടിയന്തരസഹായം അനുവദിക്കണം എന്നിവയായിരുന്നു ഇവ. ഈ മൂന്ന് ആവശ്യങ്ങളിൽ ഒന്നിനുപോലും കേന്ദ്രം ഇതുവരെ അനുകൂലമായ മറുപടി തന്നിട്ടില്ല.
ഈ സാഹചര്യത്തിൽ അടിയന്തര ധനസഹായം കേന്ദ്രത്തിൽനിന്നു നേടിയെടുക്കുന്നതിനും കേരളം സമർപ്പിച്ചിട്ടുള്ള മെമ്മോറാണ്ടത്തിലെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനും കേരളത്തിൽ നിന്നുള്ള എംപിമാർ ഒറ്റക്കെട്ടായി നില്ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പരിസ്ഥിതിലോല പ്രദേശങ്ങളുടെ വിജ്ഞാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനം സമർപ്പിച്ച നിർദേശത്തിന് അംഗീകാരം നേടിയെടുക്കാനും എംപിമാരുടെ ഇടപെടൽ മുഖ്യമന്ത്രി അഭ്യർഥിച്ചു.