മന്ത്രി സജി ചെറിയാൻ സമ്മർദത്തിൽ; രാജി തത്കാലം വേണ്ടെന്ന് സിപിഎം
Friday, November 22, 2024 2:48 AM IST
തിരുവനന്തപുരം: ഭരണഘടനാ വിവാദ പ്രസംഗത്തിൽ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ വീണ്ടും കുരുക്കിലായി മന്ത്രി സജി ചെറിയാൻ.
2022-ൽ ഭരണഘടനയെ അവഹേളിച്ചു നടത്തിയ മല്ലപ്പള്ളി പ്രസംഗത്തിന്റെ പേരിൽ മന്ത്രിസ്ഥാനത്തുനിന്നു സജി ചെറിയാനു രാജിവയ്ക്കേണ്ടിവന്നു. ഭരണഘടനയെ ആക്ഷേപിച്ചു പ്രസംഗിച്ചെന്ന കേസിൽ സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ പോലീസ് റിപ്പോർട്ട് റദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇപ്പോൾ ക്രൈംബ്രാഞ്ചിനെക്കൊണ്ടു തുടരന്വേഷണം നടത്താൻ ഉത്തരവിട്ടിരിക്കുകയാണ്.
കോടതിവിധിയുടെ പശ്ചാത്തലത്തിൽ സർക്കാരും മന്ത്രി സജി ചെറിയാനും സമ്മർദത്തിലാണെങ്കിലും തത്കാലം മന്ത്രി രാജിവയ്ക്കേണ്ടെന്ന തീരുമാനത്തിലാണു സിപിഎം.
ഇന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും തുടർന്ന് ഇടതുമുന്നണി യോഗവും ചേരുകയാണ്. സ്വാഭാവികമായും മന്ത്രി സജി ചെറിയാനുമായി ബന്ധപ്പെട്ട പുതിയ കോടതിവിധിയും തുടർന്നുണ്ടാകാൻ പോകുന്ന രാഷ്ട്രീയ സാഹചര്യങ്ങളും യോഗങ്ങളിൽ ചർച്ചയാകും. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരേ ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകാനാണു സർക്കാരിനു കിട്ടിയിരിക്കുന്ന നിയമോപദേശം.
ഇതു സാധാരണ കോടതി നടപടിയാണ്. ക്രൈംബ്രാഞ്ചിനെക്കൊണ്ടു കേസ് അന്വേഷിപ്പിക്കണമെന്നാണു കോടതിയുടെ നിർദേശം. ഇതു സംസ്ഥാന സർക്കാരിന് ഒരു വിധത്തിൽ പറഞ്ഞാൽ ആശ്വാസകരമാണ്. കോടതി സമയപരിധി പറഞ്ഞിട്ടില്ലാത്തതിനാൽ ഇതിലൂടെ കേസന്വേഷണം അതിന്റെ വഴിക്കു നീട്ടിക്കൊണ്ടുപോകാൻ സാധിക്കും.
ഇവിടെയാണു മന്ത്രി സജി ചെറിയാനും സർക്കാരിനും ആശ്വാസം ലഭിക്കുന്നത്. എന്നാൽ ഇടതുപക്ഷ ധാർമികത ഉയർത്തിക്കാട്ടി എല്ലാ വിഷയങ്ങളിലും ശക്തമായി പ്രതികരിക്കുന്ന സിപിഐ ഈ വിഷയത്തിൽ എന്തു നിലപാടു സ്വീകരിക്കുമെന്നാണു കണ്ടറിയേണ്ടത്.
നാളെ ഉപതെരഞ്ഞെടുപ്പു വിശകലനം നടത്താനാണു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും ഇടതുമുന്നണി യോഗവും പ്രധാനമായും ചേരുന്നത്. തത്കാലം മന്ത്രി സജി ചെറിയാന്റെ വിഷയം ഗൗരവമായി ചർച്ച ചെയ്യാൻ സാധ്യതയില്ല.
ഒരു പക്ഷേ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പാർട്ടി സെക്രട്ടേറിയറ്റിലും, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇടതുമുന്നണി യോഗത്തിലും സ്വീകരിക്കുന്ന നിലപാടിനെ ആശ്രയിച്ചായിരിക്കും ഇക്കാര്യത്തിൽ മറിച്ചൊരു തീരുമാനമുണ്ടാകുക.