കൈക്കൂലി: ഡെപ്യൂട്ടി തഹസിൽദാർ വിജിലൻസ് പിടിയിൽ
Thursday, November 21, 2024 1:52 AM IST
വൈക്കം: വസ്തു പോക്കുവരവ് ചെയ്യാൻ പ്രവാസിയിൽനിന്നു കൈക്കൂലി വാങ്ങുന്നതിനിടയിൽ ഡെപ്യൂട്ടി തഹസിൽദാറെ വിജിലൻസ് അറസ്റ്റ് ചെയ്തു.
വൈക്കം താലൂക്ക് ഓഫീസിലെ എൽആർ വിഭാഗം ഡെപ്യൂട്ടി തഹസിൽദാർ ഉല്ലല ആലത്തൂർ സ്വദേശി ടി.കെ. സുഭാഷ്കുമാറിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.
മുളക്കുളം സ്വദേശിയായ പ്രവാസി, ഭാര്യയുടെ പേരിലുള്ള 24 സെന്റ് സ്ഥലം പോക്കുവരവ് ചെയ്യാൻ മുളക്കുളം വില്ലേജിൽ അപേക്ഷ നൽകിയെങ്കിലും മുൻ ആധാരമില്ലാത്തതിന്റെ പേരിൽ 11 സെന്റ് സ്ഥലം മാത്രമേ പോക്കുവരവ് ചെയ്യാനായുള്ളൂ. കഴിഞ്ഞ എട്ടിന് വൈക്കം താലൂക്ക് ഓഫീസിലേക്ക് അക്ഷയ മുഖേന അപേക്ഷ നൽകി.
11ന് താലൂക്ക് ഓഫീസിൽ പ്രവാസി പോക്കുവരവ് വിഭാഗത്തിലെത്തിയപ്പോൾ സെക്ഷനിൽ സുഭാഷ് കുമാറായിരുന്നു. പെട്ടെന്ന് പോക്കുവരവ് ചെയ്തുതരാമെന്ന് പറഞ്ഞ് ഇദ്ദേഹം ഫോൺ നമ്പർ നൽകി. പിന്നീട് അപേക്ഷകൻ 16ന് വന്നപ്പോൾ പോക്കുവരവ് ചെയ്യാൻ 60,000 രൂപ നൽകണമെന്നു ആവശ്യപ്പെട്ടു.
പ്രവാസി ഇക്കാര്യം വിജിലൻസിനെ അറിയിച്ചു. ഇന്നലെ എടിഎം കൗണ്ടറിൽ വച്ച് 25,000 രൂപ കൈമാറുന്നതിനിടയിൽ കോട്ടയം വിജിലൻസ് ഡിവൈഎസ്പി വി.ആർ. രവികുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘം സുഭാഷ്കുമാറിനെ അറസ്റ്റ് ചെയ്യു കയായിരുന്നു.