പാലക്കാട് ഉപതെരഞ്ഞെടുപ്പ്: പ്രതീക്ഷ കൈവിടാതെ മുന്നണികൾ
Friday, November 22, 2024 2:48 AM IST
പാലക്കാട്: പോളിംഗ് കണക്കുകളിൽ പൂർണതൃപ്തിയില്ലെങ്കിലും വിജയം സുനിശ്ചിതമെന്ന പതിവുപല്ലവി വിടാതെ മുന്നണികൾ. തെരഞ്ഞെടുപ്പു കമ്മീഷന്റെ കണക്കുകളിലെ പൊരുത്തക്കേടു ചൂണ്ടിക്കാട്ടി രംഗത്തെത്തിയ മുന്നണിനേതാക്കൾ പാർട്ടിക്കുള്ളിലെ കണക്കുകൾ നിരത്തിയാണ് ഇന്നലെ ജയപ്രവചനങ്ങൾ കൊഴുപ്പിച്ചത്.
കഴിഞ്ഞ തവണത്തെക്കാൾ പോളിംഗ് കുറഞ്ഞതിൽ മൂന്നു മുന്നണികൾക്കും പ്രത്യക്ഷത്തിൽ ആശങ്കയുണ്ടെങ്കിലും അതെല്ലാം മറച്ചുവച്ചായിരുന്നു പ്രതികരണങ്ങൾ. കണക്കുകൾ പറയുന്പോഴും പ്രവചനം പാഴാകാതിരിക്കാനുള്ള പെടാപ്പാടും ആത്മവിശ്വാസക്കുറവും നേതാക്കളുടെ വാക്കുകളിൽ നിഴലിച്ചിരുന്നു.
പാലക്കാട് നഗരസഭയിലെ പോളിംഗ് വർധനയിൽ പ്രതീക്ഷ വയ്ക്കുന്ന എൻഡിഎ എണ്ണായിരത്തിലേറെ വോട്ടിനു ജയിക്കും എന്ന കണക്കുകളാണു നിരത്തിയത്. നഗരസഭയിൽ ഒപ്പത്തിനൊപ്പവും പിരായിരിയിൽ ശക്തമായ മേൽക്കൈയും ഉറപ്പെന്നു വാദിക്കുന്ന യുഡിഎഫ് മാത്തൂരിൽക്കൂടി മുന്നേറ്റമുണ്ടാക്കി ജയിച്ചുവരുമെന്നാണു വിശദീകരിച്ചത്. അഞ്ചക്ക ഭൂരിപക്ഷമെന്ന അവകാശവാദവും ചില നേതാക്കൾ ഉന്നയിച്ചു. ത്രികോണമത്സരത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പിന്നിലായെന്നും പി. സരിന്റെ സാധ്യതയാണു തെളിഞ്ഞുവരുന്നതെന്നും സമർഥിക്കാനായിരുന്നു എൽഡിഎഫ് ശ്രമം.
നിലവിൽ കണ്ണാടി പഞ്ചായത്തിൽമാത്രം വ്യക്തമായ മേൽക്കൈയുള്ള സിപിഎം പ്രതീക്ഷിക്കുന്നതു സ്ഥാനാർഥിയിലും തെരഞ്ഞെടുപ്പിനിടെ മെനഞ്ഞ തന്ത്രങ്ങളിലുമാണ്. സന്ദീപ് വാര്യരെ ഏറ്റെടുത്ത കോൺഗ്രസിനെ തുറന്നുകാണിക്കാനായതോടെ ന്യൂനപക്ഷം ഒപ്പംനിൽക്കുമെന്നും, ഷാഫി പറന്പിലിന്റെ വ്യക്തിപ്രഭാവത്താൽ നേടിയിരുന്ന ഇടതുമതേതര വോട്ടുകൾ ഇക്കുറി എൽഡിഎഫിന്റെ പെട്ടിയിൽതന്നെ വീഴുമെന്നും എൽഡിഎഫ് കണക്കുകൂട്ടുന്നു. ബിജെപിയിലെയും കോൺഗ്രസിലെയും അസ്വസ്ഥരുടെ വോട്ടുകൾകൂടി തനിക്കു കിട്ടിയെന്ന അവകാശവാദവുമായി സ്ഥാനാർഥി പി. സരിനും രംഗത്തെത്തി.
പാലക്കാട് നഗരസഭയിൽ എൻഡിഎയ്ക്ക് ഒപ്പത്തിനൊപ്പം, പിരായിരിയിൽ വലിയ മേൽക്കൈ, മാത്തൂരിൽ എൽഡിഎഫിനെ മറികടക്കുക അങ്ങനെ ഭൂരിപക്ഷം പതിനായിരം കടത്തുമെന്നാണു യുഡിഎഫ് നേതാക്കൾ അവകാശപ്പെടുന്നത്.
കഴിഞ്ഞതവണ പാലക്കാട് നഗരത്തിലുണ്ടായിരുന്ന ഭൂരിപക്ഷം 6237 വോട്ടായി കുറഞ്ഞതു ഇ. ശ്രീധരൻ സ്ഥാനാർഥിയായതുകൊണ്ടാണെന്ന് യുഡിഎഫ് പറയുന്നു. ലോക്സഭയിൽ കൃഷ്ണകുമാർ മത്സരിച്ച സമയത്ത് അതു വെറും 497 വോട്ടിന്റെ ലീഡായി ചുരുങ്ങിയതും ഓർമിപ്പിച്ചു.
മാസങ്ങൾക്കുമുന്പുനടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് നിയമസഭാമണ്ഡലത്തിൽ കിട്ടിയ 9707 വോട്ടിന്റെ ഭൂരിപക്ഷം ചൂണ്ടിക്കാട്ടിയ യുഡിഎഫ് നേതാക്കൾ അന്നും 70 ശതമാനമായിരുന്നില്ലേ പോളിംഗ് എന്ന വാദവും ഉന്നയിച്ചു. വിവാദ പത്രപ്പരസ്യവും പെട്ടിവിവാദമൊക്കെ എൽഡിഎഫിനെ തിരിച്ചടിച്ചെന്നും ന്യൂനപക്ഷത്തിന്റെ വോട്ട് പൂർണമായും സമാഹരിക്കാനായെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
എൻഡിഎയുടെ പ്രതീക്ഷയത്രയും നഗരസഭയിലെ പോളിംഗ് വർധനയിലാണ്. നഗരസഭാപരിധിയിൽമാത്രം അയ്യായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിക്കുന്ന എൻഡിഎ, സിപിഎം വോട്ടുയർത്തിയാൽ അതു ഗുണംചെയ്യുമെന്നും വിലയിരുത്തുന്നു.