പമ്പയില്‍ കെഎസ്ആര്‍ടിസി ബസ് കത്തിയ സംഭവം: അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ചു
Thursday, November 21, 2024 1:52 AM IST
കൊച്ചി: പമ്പയില്‍ ബസ് കത്തിനശിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസിയുടെ അന്വേഷണറിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടര്‍ (ടെക്നിക്കല്‍), മെക്കാനിക്കല്‍ എന്‍ജിനിയര്‍ എന്നിവര്‍ നടത്തിയ അന്വേഷണങ്ങളുടെ സംയുക്ത റിപ്പോര്‍ട്ടാണ് സത്യവാങ്മൂലത്തിനൊപ്പം ഹാജരാക്കിയത്.
കഴിഞ്ഞ 17നാണ് പമ്പ- നിലയ്ക്കല്‍ പാതയിലെ പ്ലാത്തോട്ടത്ത് യാത്രക്കാരില്ലാതിരുന്ന സമയത്ത് ബസിനു തീപിടിച്ചത്. ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീ കൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വിഷയം വ്യാഴാഴ്ച വീണ്ടും പരിഗണിക്കാന്‍ മാറ്റി.
അതേസമയം കോടതി നിര്‍ദേശപ്രകാരം കൈമാറിക്കിട്ടിയ ശബരിമലയിലെയും പമ്പയിലെയും അയ്യപ്പസേവാസംഘത്തിന്റെ കൈവശമുണ്ടായിരുന്ന കെട്ടിടങ്ങള്‍ തീര്‍ഥാടകരുടെയടക്കം സൗകര്യത്തിന് എങ്ങനെ ഉപയോഗിക്കാനാകുമെന്നതു സംബന്ധിച്ച് പദ്ധതി തയാറാക്കി അറിയിക്കാന്‍ ദേവസ്വത്തിന് ഡിവിഷന് ബെഞ്ച് നിര്‍ദേശം നല്കി.
കെട്ടിടത്തിന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ഫോട്ടോഗ്രാഫുകള്‍ വ്യാഴാഴ്ച സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.