അടിക്കടിയായി ഉയർന്ന് ഇടുക്കി
Thursday, November 21, 2024 1:52 AM IST
ജെയിസ് വാട്ടപ്പിള്ളിൽ
തൊടുപുഴ: കാലവർഷവും തുലാവർഷവും തിമിർത്തുപെയ്തതോടെ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് മുൻ വർഷത്തെ അപേക്ഷിച്ച് ഭേദപ്പെട്ട നിലയിൽ.
കഴിഞ്ഞ വർഷം ഇതേ ദിവസത്തെക്കാൾ 18.72 അടിവെള്ളം നിലവിൽ കൂടുതലുണ്ട്. ഇടുക്കിയിൽ ഇന്നലെ 2378.48 അടിയാണ് ജലനിരപ്പ്. സംഭരണ ശേഷിയുടെ 72 ശതമാനമാണിത്. കഴിഞ്ഞ വർഷം ഇതേ ദിവസം 2359.76 അടിവെള്ളമാണുണ്ടായിരുന്നത്.
സംസ്ഥാനത്ത് വൈദ്യുതി വകുപ്പിനു കീഴിലുള്ള എല്ലാ അണക്കെട്ടുകളിലുമായി നിലവിൽ 73 ശതമാനം വെള്ളമുണ്ട്. കഴിഞ്ഞ വർഷം 64 ശതമാനമായിരുന്നു ജലനിരപ്പ്. വലിയഅണക്കെട്ടുകൾ ഉൾപ്പെടുന്ന ഗ്രൂപ്പ് ഒന്നിൽ 72 ശതമാനവും ഗ്രൂപ്പ് രണ്ടിൽ 81 ഉം ഗ്രൂപ്പ് മൂന്നിൽ 63 ശതമാനവുമാണ് ജലനിരപ്പ്.
കഴിഞ്ഞ വർഷം കാലവർഷം ശക്തമാകാതിരുന്നതിനാൽ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞത് വേനലിൽ വൈദ്യുതോത്പാദനത്തെ സാരമായി ബാധിച്ചിരുന്നു. യൂണിറ്റിന് 15 മുതൽ 20 രൂപവരെ വില നൽകി പുറത്തുനിന്നും വൈദ്യുതി വാങ്ങിയാണ് സംസ്ഥാനത്തെ പ്രതിസന്ധി മറികടന്നത്.
കഴിഞ്ഞ വർഷം വേനലിൽ വൈദ്യുതി ഉപഭോഗം റിക്കാർഡ് ഭേദിച്ചിരുന്നു. സംസ്ഥാനത്ത് ഭൂരിഭാഗം ജില്ലകളിലും തുലാമഴ ലഭിക്കുന്പോഴും വൈദ്യുതി ഉപഭോഗം വർധിച്ച നിലയിലാണ്. ഇന്നലെ 86.900 ദശലക്ഷം യൂണിറ്റായിരുന്നു
സംസ്ഥാനത്തെ ഉപഭോഗം. ഇതിൽ 17.359 ദശലക്ഷം യൂണിറ്റ് ആഭ്യന്തരമായി ഉത്പാദിപ്പിച്ചപ്പോൾ 69.541 ദശലക്ഷം യൂണിറ്റ് പുറത്തുനിന്നും എത്തിച്ചു. ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റം പവർഹൗസിൽ 3.674 ദശലക്ഷം യൂണിറ്റായിരുന്നു ഉത്പാദനം.
സംസ്ഥാനത്ത് ജൂണ്‍മുതൽ സെപ്റ്റംബർ 30 വരെ കാലവർഷവും ഒക്ടോബർ ഒന്നുമുതൽ 30 വരെ തുലാവർഷവുമാണ്. ഇതനുസരിച്ച് തുലാവർഷം അവസാനിക്കാൻ ഇനിയും ഒന്‍പതു ദിവസം അവശേഷിക്കുന്നുണ്ട്. ഇടുക്കിയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെയും ശക്തമായ മഴ രേഖപ്പെടുത്തിയിരുന്നു.