നഴ്സിംഗ് വിദ്യാര്‍ഥിനിയുടെ മരണം: മൂന്നു സഹപാഠികൾ കസ്റ്റഡിയില്‍
Friday, November 22, 2024 2:48 AM IST
പത്തനംതിട്ട: ചുട്ടിപ്പാറ സീപാസ് നഴ്സിംഗ് കോളജിലെ നാലാം വര്‍ഷ ബിഎസ്്സി നഴ്സിംഗ് വിദ്യാർഥിനി തിരുവനന്തപുരം സ്വദേശി അമ്മു എ. സജീവ് ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളിൽ നിന്നു വീണു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്നു സഹപാഠികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പത്തനാപുരം, ചങ്ങനാശേരി, അയര്‍ക്കുന്നം സ്വദേശിനികളായ പെൺകുട്ടികളെയാണ് ഇന്നലെ വൈകുന്നേരത്തോടെ കസ്റ്റഡിയിലെടുത്തത്.
ഇവര്‍ക്കെതിരേ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തതായും എഫ്ഐആറില്‍ മാറ്റം വരുത്തുമെന്നും പോലീസ് അറിയിച്ചു. സഹപാഠികൾക്കെതിരേ അമ്മുവിന്റെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു.
ആരോപണവിധേയരായ പെണ്‍കുട്ടികളുടെ മൊഴി കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തുകയും ചെയ്തതാണ്. ക്ലാസില്‍ സഹപാഠികള്‍ തമ്മിലുണ്ടായ ഭിന്നതയും ഇതിന്റെ പേരിൽ അമ്മുവിനെ മാനസികമായി പീഡിപ്പിച്ചതും മരണ കാരണമായെന്നാണ് പോലീസ് നിഗമനം.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് അമ്മു സജീവ് താഴെവെട്ടിപ്രത്തെ സ്വകാര്യ ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നു വീണത്. ഗുരുതരമായി പരിക്കേറ്റ അമ്മുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്.
സഹപാഠികളായ മൂന്നു പെണ്‍കുട്ടികള്‍ അമ്മുവിനെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പിതാവ് സജീവ് നേരത്തേ നഴ്സിംഗ് കോളജ് പ്രിന്‍സിപ്പലിനു പരാതി നല്‍കിയിരുന്നു. ഇവരുടെ മാനസിക പീഡനം മൂലം അമ്മുവിന്റെ ജീവന് വരെ ഭീഷണിയുണ്ടെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. മൈഗ്രേന് പോലുളള ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം വലഞ്ഞിരുന്ന അമ്മുവിനെ ആ സമയം സഹപാഠികളായ കുട്ടികള്‍ പല രീതിയില്‍ ശല്യപ്പെടുത്തിയിരുന്നു.
കോളജില്‍ നിന്നുളള സ്റ്റഡി ടൂറിനു പോകാന്‍ തയാറാകാതിരുന്ന അമ്മുവിനെ ടൂര്‍ കോഓര്‍ഡിനേറ്ററാക്കി ചുമതലപ്പെടുത്തി. പ്രഖ്യാപനം വരുമ്പോഴാണ് അമ്മു ഇക്കാര്യം അറിഞ്ഞതെന്നും പിതാവിന്റെ പരാതിയിലുണ്ടായിരുന്നു.
അമ്മുവിന്റെ സഹോദരന് അഖിലിന്റ വിശദമായ മൊഴി രേഖപ്പെടുത്തിയ പോലീസ് മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു.