മാധ്യമങ്ങളോടാണ്; ‘വളയിട്ട കൈകൾ’ ക്ലീഷേ മാത്രമല്ല അമാന്യഭാഷയുമാണ്
Friday, November 22, 2024 2:48 AM IST
ബിനു ജോര്‍ജ്
കോഴിക്കോട്: മാധ്യമങ്ങളിലെ ‘വളയിട്ട കൈകള്‍’, ‘പെണ്‍ബുദ്ധി പിന്‍ബുദ്ധി’, ‘വീട്ടമ്മ’ തുടങ്ങിയ പ്രയോഗങ്ങള്‍ ലിംഗപരമായി മാന്യതയുള്ള ഭാഷയല്ലെന്നും അത്തരം പ്രയോഗങ്ങള്‍ ഒഴിവാക്കണമെന്നതടക്കമുള്ള നിരവധി ശിപാര്‍ശകള്‍ ഉള്‍പ്പെട്ട മാര്‍ഗരേഖ വനിതാ കമ്മീഷന് സര്‍ക്കാരിനു സമര്‍പ്പിച്ചു.
മാധ്യമങ്ങളുടെ സ്ത്രീ സമത്വ സമീപനം സംബന്ധിച്ച് സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിക്കാനും മാധ്യമ സ്ഥാപനങ്ങളുടെ പരിഗണനയ്ക്കുമായാണു വനിതാ കമ്മീഷന് മാര്‍ഗരേഖ തയാറാക്കിയത്.
കേരളത്തിലെ മാധ്യമപ്രവര്‍ത്തനം ഭാഷാപരമായും ചിന്താപരമായും ചിത്രീകരണപരമായും കൂടുതല്‍ ലിംഗസമത്വത്തില്‍ അധിഷ്ഠിതമാകുന്നതിനും മാധ്യമമേഖലയില്‍ സ്ത്രീ-പുരുഷ സന്തുലിതാവസ്ഥ കൊണ്ടുവരാനുമാണ് മാര്‍ഗരേഖ തയാറാക്കിയിരിക്കുന്നത്.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന ലൈംഗികാതിക്രമ കേസുകള്‍ ഉള്‍പ്പെടെയുള്ളവ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കോടതികളും ബാലാവകാശ കമ്മീഷനും വിവിധ അഥോറിറ്റികളും പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ ഊന്നിപ്പറയുന്നതിനൊപ്പംതന്നെ പേരു പറയാതെ കേരളത്തിലെ പല മാധ്യമങ്ങളുടെയും തലക്കെട്ടുകള്‍ പോലും സ്ത്രീവിരുദ്ധമാണെന്നും വനിതാ കമ്മീഷന് ചൂണ്ടിക്കാട്ടുന്നു.
പരോക്ഷമായി സ്ത്രീകളെ അധിക്ഷേപിക്കുന്ന തലക്കെട്ടുകള്‍ പത്രങ്ങള്‍ നല്കുന്നതു നിര്‍ബന്ധമായും ഒഴിവാക്കണമെന്നാണു വനിതാ കമ്മീഷന് ആവശ്യപ്പെടുന്നത്. ചാടിപ്പോയ കടുവയെ കണ്ടെത്തിയപ്പോള്‍ ഒരു പത്രത്തിലെ തലക്കെട്ട് ‘ഇനി അവള് ചാടിപ്പോയ കടുവയല്ല’ എന്നായിരുന്നുവെന്നു വനിതാ കമ്മീഷന് ചൂണ്ടിക്കാട്ടുന്നു.
സെക്സി ഷറപ്പോവ, സെക്സി സെന്‍സെക്സ് എന്നിങ്ങനെ ബിസിനസ്, സ്പോര്‍ട്സ് വാര്‍ത്തകള്‍ക്കു തലക്കെട്ടുകള്‍ നല്‍കുന്നതിലും വനിതാ കമ്മീഷന് അതൃപ്തി അറിയിച്ചിട്ടുണ്ട്. ഏതു തൊഴിലായാലും സ്ത്രീകള്‍ രംഗത്തേക്കു വരുമ്പോള്‍ ‘വളയിട്ട കൈകളില്‍ വളയം ഭദ്രം’, ‘വളയിട്ട കൈകളില്‍ ഭരണസാരഥ്യം’ എന്നിങ്ങനെയുള്ള തലക്കെട്ടുകള്‍ ഒഴിവാക്കണമെന്നതാണു മറ്റൊരു ശിപാര്‍ശ.
സ്ത്രീകള്‍ തീരുമാനമെടുത്ത് ചെയ്യുന്ന കാര്യങ്ങള്‍ പാളുമ്പോള്‍ ‘പെണ്‍ബുദ്ധി പിന്‍ബുദ്ധി’ എന്നു പ്രയോഗിക്കുന്നതു സ്ത്രീവിരുദ്ധമാണ്. ജോലിയില്ലാത്ത സ്ത്രീകളെയെല്ലാം ‘വീട്ടമ്മ’ എന്നു പ്രയോഗിക്കുന്നത് അനുചിതമാണ്.
സ്ത്രീവിരുദ്ധ ചിന്താഗതികള്‍ക്കു തടയിടുന്ന മാധ്യമ സംസ്കാരം വളര്‍ത്തിയെടുക്കാന്‍ സ്ത്രീയും പുരുഷനും ഒന്നിച്ചു ജീവിക്കാനായി രഹസ്യമായി പുറപ്പെടുന്നതു സംബന്ധിച്ച വാര്‍ത്തകളില്‍ സ്ത്രീയെ മാത്രം കേന്ദ്രീകരിച്ച് ‘രണ്ടു കുട്ടികളുടെ അമ്മ കാമുകന്റെകൂടെ ഒളിച്ചോടി’ എന്നു തലക്കെട്ടില്‍ പരാമര്‍ശിക്കുന്നതു ശരിയല്ലെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
പാചകം, ശുചീകരണം, ശിശുസംരക്ഷണം തുടങ്ങിയവ സ്ത്രീകളുടെ മാത്രം കടമയാണെന്നും വിദ്യാഭ്യാസം, ആരോഗ്യം, നിക്ഷേപം, സൈനിക സേവനം തുടങ്ങിയവ പുരുഷന്റെ കടമയാണെന്നുമുള്ള മട്ടിലുള്ള ചിത്രീകരണം മാധ്യമങ്ങളില്‍ നടക്കുന്നുണ്ടെന്നും വനിതാ കമ്മീഷന് ചൂണ്ടിക്കാട്ടുന്നു.