ദിവ്യയെ പാർട്ടി പദവികളിൽനിന്നു നീക്കി; ബ്രാഞ്ചിലേക്കു തരംതാഴ്ത്തി
Friday, November 8, 2024 1:59 AM IST
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ പി.പി. ദിവ്യക്കെതിരേ പാർട്ടി നടപടി. സിപിഎമ്മിന്റെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പാർട്ടി സ്ഥാനങ്ങളിൽനിന്നും ദിവ്യയെ ഒഴിവാക്കി. പാർട്ടി കീഴ്ഘടകത്തിലേക്കു തരംതാഴ്ത്തുകയും ചെയ്തു.
ജില്ലാ കമ്മിറ്റിയംഗമായ ദിവ്യയെ ഇരിണാവ് ഡാം ബ്രാഞ്ചിലേക്കാണു തരംതാഴ്ത്തിയത്. ഇന്നലെ ചേർന്ന കണ്ണൂർ ജില്ലാ കമ്മിറ്റിയോഗത്തിന്റേതാണു തീരുമാനം. യോഗതീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു.
ഇന്ന് ദിവ്യയുടെ ജാമ്യഹർജിയിന്മേൽ തലശേരി കോടതി വിധി പറയാനിരിക്കേയാണ് നടപടിയെന്നതും ശ്രദ്ധേയമാണ്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ കടുത്ത സമ്മർദമാണു നടപടിയിലേക്കു നയിച്ചത്. നേരത്തേ തൃശൂരിൽ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ ദിവ്യയുടെ വിഷയം ചർച്ചയായിരുന്നു. അന്നു തീരുമാനമെടുക്കാൻ കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് അധികാരം നൽകിയിരുന്നു.
എഡിഎമ്മിന്റെ മരണത്തിനിടയാക്കിയ പെട്രോൾ പന്പ് വിഷയവുമായി ബന്ധപ്പെട്ട് ദിവ്യ യഥാർഥ വസ്തുതകൾ പാർട്ടിയിൽനിന്നു മറച്ചുവച്ചതായും പാർട്ടി അന്വേഷണത്തിൽ കണ്ടെത്തി.
നടപടിയുടെ ഭാഗമായി പാർട്ടി സ്ഥാനങ്ങളിൽനിന്നു മാറ്റിയതു പോലെ കണ്ണൂർ സർവകലാശാല സിൻഡിക്കറ്റംഗം ഉൾപ്പെടെയുള്ള മറ്റു പല പ്രധാന സ്ഥാനങ്ങളിൽനിന്നും ദിവ്യയെ മാറ്റണമെന്നും ജില്ലാകമ്മിറ്റിയിൽ ആവശ്യമുയർന്നിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവയ്പിക്കണമെന്നും ആവശ്യമുയർന്നിരുന്നു. എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ കടന്നുചെന്ന് ഗുരുതര ആരോപണം ഉന്നയിച്ചതുൾപ്പെടെ പല കാര്യങ്ങളിലും ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണു പാർട്ടിയുടെ വിലയിരുത്തൽ.